Latest NewsCricketNewsSports

ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ: പന്തിന് സെഞ്ചുറി

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 98-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സോടെ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും ക്രീസിലുണ്ട്.

111 പന്തില്‍ 146 റണ്‍സടിച്ച റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 89 പന്തിലാണ് പന്ത് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. 19 ഫോറും നാല് സിക്സും അടങ്ങുന്നതാണ് പന്തിന്‍റെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും വിക്കറ്റെടുത്തു. ആറാം വിക്കറ്റില്‍ പന്ത്-ജഡേജ സഖ്യം 222 റണ്‍സെടുത്തു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സെത്തിയപ്പോഴേക്കും 17 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ആന്‍ഡേഴ്സണ്‍ സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ചു. പിന്നാലെ പൂജാരയും കൂടാരം കയറി. 13 റണ്‍സെടുത്ത പൂജാരയും ആന്‍ഡേഴ്സന്‍റെ പന്തില്‍ സാക്ക് ക്രോളിയുടെ കൈകളിലൊതുങ്ങി.

ലഞ്ചിനുശേഷം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് അധികം വൈകാതെ ഹനുമാ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 53 പന്ത് നേരിട്ട് 20 റണ്‍സെടുത്ത വിഹാരിയെ മാത്യു പോട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. നാലാമനായി ക്രീസിലെത്തിയ കോഹ്ലി തുടക്കത്തില്‍ പിടിച്ചു നിന്നെങ്കിലും 19 പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി. മാത്യു പോട്ടിന്‍റെ പന്തില്‍ പ്ലേയ്ഡ് ഓണായി വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് കോഹ്ലി പുറത്തായത്. തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യര്‍ പ്രതീക്ഷ നല്‍കി. 11 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച് 15 റണ്‍സെടുത്ത ശ്രേയസിനെ ആന്‍ഡേഴ്സണ്‍ വീഴ്ത്തി.

Read Also:- ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

തുടർന്ന്, ക്രീസിലെത്തിയ പന്തും ജഡേജയും ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരെ ഏകദിനശൈലിയില്‍ ബാറ്റുവീശി. ജോ റൂട്ടിനെ സിക്സിന് പറത്തി 146 റണ്‍സിലെത്തിയ പന്ത് തൊട്ടടുത്ത പന്തിലും സിക്സിന് ശ്രമിച്ചെങ്കിലും എഡ്ജ് ചെയ്ത് സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. 111 പന്തില്‍ 146 റണ്‍സടിച്ചാണ് പന്ത് മടങ്ങിയത്. 98 റണ്‍സില്‍ ഒത്തുചേര്‍ന്ന പന്ത്-ജഡേജ സഖ്യം 320 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. പിന്നാലെ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ(1) സ്റ്റോക്സ് ബൗണ്‍സറില്‍ മടക്കി. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും സ്റ്റോക്സ്, റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button