Latest NewsIndia

മഹാവികാസ് അഘാടി സഖ്യത്തിന് അന്ത്യം: ഉദ്ധവ് താക്കറെ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്റെ രാജിക്കത്ത് ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് സമർപ്പിച്ചു. ഗവർണർ രാജി സ്വീകരിച്ചു. ഇതോടെ രണ്ടരവർഷത്തെ മഹാവികാസ് അഘാടി സഖ്യത്തിന് അന്ത്യമായി. എന്നാൽ, ബദൽ ക്രമീകരണം ഉണ്ടാകുന്നത് വരെ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ഗവർണർ ആവശ്യപ്പെട്ടു. മുംബൈ രാജ്ഭവനിൽ എത്തിയായിരുന്നു രാജി സമർപ്പണം.

നിയമനിർമാണ കൗൺസിൽ (എംഎൽസി) അംഗത്വവും ഉദ്ദവ് രാജിവച്ചു. രാജി സമർപ്പിച്ച ശേഷം മക്കളായ ആദിത്യയ്ക്കും തേജസിനും ഒപ്പം ഉദ്ധവ് താക്കറെ ക്ഷേത്ര ദർശനവും നടത്തി.10 ദിവസം നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രണ്ടു വർഷവും 213 ദിവസവും ഭരണത്തിൽ തുടർന്ന ഉദ്ധവ് സർക്കാരിനു അധികാരം നഷ്ടമായത്.

ശിവസേനയുടെ 55 എംഎൽഎമാരിൽ 39 പേരും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തേക്കു കൂറുമാറിയതോടെ സർക്കാരിന്റെ വീഴ്ച ഉറപ്പായിരുന്നു. നിയമസഭാകക്ഷിയിൽ മൂന്നിൽ രണ്ടു പേരും ഒപ്പമുള്ളതിനാൽ വിമതർക്കു കൂറുമാറ്റ നിരോധന നിയമത്തെയും മറികടക്കാനാകും. വിമതർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ ശ്രമവും സുപ്രീം കോടതി ഇടപെടൽ മൂലം വിജയിച്ചില്ല.

അതേസമയം രാജിക്ക് തൊട്ടുപിന്നാലെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ പക്ഷത്തിന്റെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ ബിജെപി ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button