മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ ഇന്ന് സ്ഥാനമേൽക്കും. വൈകുന്നേരം ഏഴുമണിക്കാണ് സത്യപ്രതിജ്ഞയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവസാന നിമിഷമാണ് ട്വിസ്റ്റ് ഉണ്ടായത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കൂടുതൽ മന്ത്രി പദവികൾ കൈകാര്യം ചെയ്യുന്നത് ആരൊക്കെയായിരിക്കും എന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ ബുധനാഴ്ച വൈകുന്നേരം രാജിവച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രിസഭയ്‌ക്ക് പിന്തുണ നൽകിയിരുന്ന 40 എംഎൽഎമാർ പിന്തുണ പിൻവലിച്ച സാഹചര്യത്തിലാണിത്. മന്ത്രിസഭ തുടരണമെങ്കിൽ വിശ്വാസവോട്ട് നേരിടേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്.
ശിവസേന എംഎൽഎ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് പാർട്ടിയിൽ വിമതർ അണിനിരന്നത്. വിമതരുടെയും ബി.ജെ.പി എംഎൽഎമാരുടെയും പിന്തുണയോടു കൂടിയായിരിക്കും ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
Post Your Comments