മുംബൈ : ഔറംഗബാദിന്റെ പേര് സംഭാജി നഗർ എന്നും ഒസ്മാനാബാദ് നഗരത്തിന്റെ പേര് ധാരാശിവ് എന്നും പുനർനാമകരണം ചെയ്യണമെന്ന ദീർഘനാളത്തെ ആവശ്യത്തിന്, മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തരിച്ച കർഷക നേതാവ് ഡി.ബി. പാട്ടീലിന്റെ പേരിടാനും തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ചൊവ്വാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ഔറംഗബാദിന്റെ പേരുമാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഗതാഗത മന്ത്രിയും ശിവസേന എം.എൽ.എയുമായ അനിൽ പരാബാണ് ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഇക്കാര്യം തീരുമാനമെടുക്കാനായി മാറ്റിവെക്കുകയായിരുന്നു.
ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എൽ.എമാർ പാർട്ടിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് പ്രധാന കാബിനറ്റ് തീരുമാനം. യോഗത്തിൽ, കഴിഞ്ഞ രണ്ടര വർഷമായി സഹകരിച്ചതിന് എല്ലാ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നന്ദി പറഞ്ഞു. സ്വന്തം ആളുകളാണ് തനിക്ക് ഈ അവസ്ഥ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ നിർഭാഗ്യവശാൽ സ്വന്തം പാർട്ടിക്കാരുടെ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ജൂൺ എട്ടിന് ഔറംഗബാദിൽ നടന്ന റാലിയിൽ, ഔറംഗബാദിന്റെ പേരുമാറ്റമെന്ന ബാൽ താക്കറെയുടെ വാഗ്ദാനം താൻ നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ‘എല്ലാവരുടേയും ശ്വാസത്തിലും ഹിന്ദുത്വയുണ്ട്. നുണകൾ പറയുന്നതല്ല ഞങ്ങളുടെ ഹിന്ദുത്വം. അതല്ല ബാലസാഹേബ് താക്കറെ ഞങ്ങളെ പഠിപ്പിച്ചത്. ബാലേസാഹേബ് ഔറംഗബാദിനെ സാംബജി നഗർ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾ നടപ്പിലാക്കും,’ ഉദ്ദവ് താക്കറെ വ്യക്തമാക്കി.
Post Your Comments