പട്‌ന: ബീഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി എഐഎംഐഎമ്മിന്റെ (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ) നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു. നിയമസഭാംഗങ്ങളായ മുഹമ്മദ് ഇസാർ അസ്ഫി (കൊച്ചടമം മണ്ഡലം), ഷാനവാസ് ആലം (ജോകിഹാട്ട്), സയിദ് റുക്നുദ്ദീൻ ((ബൈസി), അസർ നയീമി (ബഹദൂർഗഞ്ച്) എന്നിവരാണു പാർട്ടി വിട്ടത്.
ഇതോടെ 243 അംഗ നിയമസഭയിൽ ബിജെപിയെ പിന്തള്ളി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇപ്പോൾ ആർജെഡിക്ക് 80 അംഗങ്ങളും ബിജെപിക്ക് 77 എംഎൽഎമാരുമായി. നേരത്തെ ആർജെഡിയ്ക്ക് 76 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എംഎൽഎമാരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മധുരം നൽകി സ്വീകരിച്ചു. പുതിയ നേതാക്കളുടെ വരവ് ആർജെഡിയെ ശക്തമാക്കുമെന്ന് തേജസ്വി വ്യക്തമാക്കി.
‘പുതിയ എംഎൽഎമാർ സാമൂഹിക നീതിക്കും മതേതരത്വത്തിനുമായി ഞങ്ങളോടൊപ്പം പ്രവർത്തിക്കുമെന്നു കരുതുന്നു. സീമാഞ്ചലിലെ ജനത്തിന്റെ സ്നേഹം ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആർജെഡിക്ക് സീമാഞ്ചലിൽ മികച്ച സാന്നിധ്യം തന്നെ ഉണ്ടായിരിക്കുന്നു– തേജസ്വി പ്രതികരിച്ചു.
Post Your Comments