ബര്‍മിങ്ഹാം: ഇന്ത്യയ്‌ക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ഏക ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെ തകർത്ത് ടെസ്റ്റ് പരമ്പര നേടിയ ടീമിനെയാണ് സെലക്ടര്‍മാര്‍ നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റാണ് വെള്ളിയാഴ്ച ബര്‍മിങ്ഹാമിൽ ആരംഭിക്കുന്നത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റിനിടെ പിന്മാറിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
അതേസമയം, മൂന്നാം ടെസ്റ്റില്‍ ഫോക്സിന് പകരം കൊവിഡ് പകരക്കാരനായി വിക്കറ്റ് കാത്ത സാം ബില്ലിംഗ്സും ടീമില്‍ ഇടംനേടി. എന്നാല്‍, ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഫോക്സ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റ് ജയിച്ച ടീമില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ഇംഗ്ലണ്ട് ഒരു മാറ്റം മാത്രമേ വരുത്താനിടയുള്ളു.
Read Also:- മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ!
കായികക്ഷമത വീണ്ടെടുത്താല്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. എന്നാല്‍, ആന്‍ഡേഴ്സണ്‍ വരുമ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്ട്, ജാമി ഓവര്‍ടണ്‍ എന്നിവരിലൊരാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും.
ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, സാം ബില്ലിംഗ്സ്, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രെയ്ഗ് ഓവർട്ടൺ, ജാമി ഓവർട്ടൺ, മാത്യു പോട്ട്സ്, ഒല്ലി പോപ്പ്, ജോ റൂട്ട്.
Post Your Comments