
തലശ്ശേരി: ജോലിക്കു വന്ന വീട്ടിൽ നിന്നും സ്വർണമാലയും മോതിരവും കവർന്ന കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ കൊൽക്കത്ത ഹുഗ്ലി ജില്ലയിലെ ശ്രീമന്താണ് (39) പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമി ഘറിൽ ജാബിറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണാഭരണമാണ് കവർച്ച ചെയ്യപ്പെട്ടത്.
Read Also : ശങ്കുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: ഡോക്ടർമാരുമായി നിരന്തര സമ്പർക്കമുണ്ടെന്ന് കെ സുരേന്ദ്രൻ
വീട്ടിൽ ഫർണിച്ചർ സെറ്റു ചെയ്യാൻ വന്നതായിരുന്നു ഒമ്പതു വർഷമായി ചൊക്ലിയിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന ശ്രീമന്ത്. വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന്, ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാൾ താമസിച്ചു വന്നിരുന്ന പുരയിടത്തിനു പിന്നിൽ മണ്ണിൽ കുഴിച്ചിട്ടിരുന്ന തൊണ്ടി മുതൽ പൊലീസ് കണ്ടെടുത്തു.
ന്യൂ മാഹി എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജയൻ, സിവിൽ പൊലീസ് ഓഫീസർ ഷിഗിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments