മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. വിമാന താവളത്തിൽ നിന്ന് 1.33 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്, ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. 90 ലക്ഷത്തിൻറെ സ്വർണവുമായി കോഴിക്കോട് സ്വദേശിയും 43 ലക്ഷം രൂപ വിലമതിക്കുന്ന 834 ഗ്രാം സ്വർണവുമായി ചെറുകുന്ന് സ്വദേശിയേയുമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശിയായ അബ്ദുറഹ്മാനിൽ നിന്നാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഗോ എയർ വിമാനത്തിൽ മസ്കറ്റിൽ നിന്നാണ് ഇയാൾ കണ്ണൂരിലേക്ക് എത്തിയത്. കസ്റ്റംസിൻറെ ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതോടെയാണ് വിശദമായി പരിശോധിച്ചത്.
രണ്ടു പോളിത്തീൻ പായ്ക്കറ്റുകളിലാക്കി പേസ്റ്റ് രൂപത്തിലുള്ള 1980 ഗ്രാം സ്വർണം കാൽമുട്ടിന് താഴെയായി കെട്ടിയനിലയിലാണ് കണ്ടെത്തിയത്. ഇയാളെ കൊണ്ടുപോകാനെത്തിയ വടകരയിലെ ഹമീദിനേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ഇസ്മായിലിൽ നിന്ന് സ്വർണം പിടിച്ചത് കസ്റ്റംസ് കണ്ണൂർ പ്രിവൻറീവ് ഡിവിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആണ്. വ്യാഴാഴ്ച വൈകുന്നേരം ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇസ്മയിൽ എത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Post Your Comments