
കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ കേസിലെ പ്രതികൾക്ക്, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാണെന്ന് സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം, ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും പി.പി. ദിവ്യ പറഞ്ഞു.
അതേസമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിലവിൽ റിമാന്‍ഡിലുള്ള ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും, സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ഹൈക്കോടതി അനുവദിച്ചത്. മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിനു കാരണമായതെന്നും പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Post Your Comments