മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാടി സർക്കാർ പിരിച്ചുവിടാൻ നീക്കം. വിമതരെ അനുയയിപ്പിക്കാനുള്ള നീക്കം പാളിയതോടെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ രാജിവെക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചനകൾ. അതിനിടെ ശേഷിക്കുന്ന 12 എംഎൽഎമാരെ ശിവസേന മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. ഏക്‌നാഥ് ഷിൻഡെയെ നീക്കിയതിന് പിന്നാലെ നിയമിച്ച പുതിയ നിയമസഭാ കൗൺസിൽ നേതാവ് അജയ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്ക് നിയമസഭ പിരിച്ചുവിടുന്നതിലേക്കാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയാണ് സഞ്ജയ് റാവത്ത്.
ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റർ ബയോയിൽ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഷിൻഡേക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ച നടത്തുമെന്ന് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു.
‘ഏക്‌നാഥ് ഷിൻഡെ സുഹൃത്തും പാർട്ടി മുൻ അംഗവുമാണ്. ദശാബ്ദങ്ങളോളം ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചു. പാർട്ടിയേയോ പ്രവർത്തകരേയോ ഒഴിവാക്കുക എന്നത് ഞങ്ങൾക്ക് എളുപ്പത്തിൽ സാധ്യമായ ഒരു കാര്യമല്ല. ഇന്ന് രാവിലെ ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. എംഎൽഎർ സേനയിൽ തുടരും. ഞങ്ങളുടെ പാർട്ടി ഒരു യോദ്ധാവാണ്, പോരാട്ടം തുടരും.’ അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി-കോൺഗ്രസ് മന്ത്രിമാരുടെ പ്രവർത്തന ശൈലിയോടാണ് എംഎൽഎമാർക്ക് എതിർപ്പുള്ളത്. ഉദ്ധവിനോട് എതിർപ്പില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള വിമത എംഎൽഎമാരെ തിരികെയെത്തിക്കാനുള്ള ശിവസേനയുടെ ശ്രമങ്ങൾ ഫലവത്തായില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് . ശിവസേനയുടെ അനുനയ നീക്കത്തിന് തടയിട്ട് കൊണ്ട് ഗുജറാത്തിൽ തമ്പടിച്ചിരുന്ന വിമതർ ചൊവ്വാഴ്ച രാത്രിയോടെ ഗുവാഹട്ടിയിലേക്ക് മാറിയിരുന്നു.
Post Your Comments