അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിൽ അനുഭവപ്പെട്ടത്. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ നിലകൊള്ളുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഭൂചലനത്തിൽ 280-ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 600-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നുമായിരുന്നു അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ബുധനാഴ്ച പുലർച്ചെ 1.24-ഓടെയാണ് കിഴക്കൻ അഫ്ഗാൻ മേഖലകളിൽ ഭൂചലനമുണ്ടായത്. പാകിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളാണ് ഇവയിൽ ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാനമായും പക്തിക പ്രവിശ്യയെയാണ് ഭൂചലനം ബാധിച്ചത്. പ്രവിശ്യയിലെ ബാർമൽ, സിറോക്ക്, നിക, ഗിയാൻ ജില്ലകളിൽ വൻ നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനമായ കാബൂളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു.
Post Your Comments