കോഴിക്കോട്: ഓര്‍ത്തോ ഡോക്ടര്‍ വന്നിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ച് നൂറിലധികം കോളുകളാണ് കഴിഞ്ഞ രണ്ടുദിവസമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വരുന്നത്. വ്യത്യസ്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് നിരന്തരമായ കോളുകൾ ആശുപത്രിയിലേക്ക് വരുന്നത്. ആശുപത്രിയില്‍ വിളിച്ച് ഡോക്ടര്‍ ഉണ്ടോ എന്ന് ചോദിച്ച സ്ത്രീയോട് ആശുപത്രിയിലെ ജീവനക്കാരി മോശമായി പെരുമാറിയതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധം കടുത്തതോടെ, കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഓര്‍ത്തോപീഡിക് ഡോക്ടര്‍ ഏതെല്ലാം ദിവസങ്ങളില്‍ ആശുപത്രിയില്‍ ഉണ്ടാവും എന്ന് ഒരു സ്ത്രീ ഓഫീസില്‍ വിളിച്ച് ചോദിച്ചതാണ് തുടക്കം. അവധിയില്‍ പോകാത്ത ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും ആശുപത്രിയില്‍ വരുമെന്ന ഒഴുക്കന്‍ മറുപടിയാണ് ജീവനക്കാരി നല്‍കിയത്. പിന്നീട് നിശ്ചിത ദിവസം ഡോക്ടര്‍ ഉണ്ടാവുമോ എന്നായിരുന്നു സ്ത്രീയുടെ അടുത്ത ചോദ്യം. ഇതിന് ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ച് അന്വേഷിക്കാന്‍ പരുക്കന്‍ ഭാഷയില്‍ ജീവനക്കാരി മറുപടി നല്‍കുകയായിരുന്നു.
ഇതിന്റെ ശബ്ദരേഖ ബുധനാഴ്ചയാണ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ, ഓര്‍ത്തോപീഡിക് ഡോക്ടര്‍ ഉണ്ടോ എന്ന് ചോദിച്ച് ആശുപത്രിയിലേക്ക് പ്രതിദിനം നൂറിലധികം കോളുകള്‍ ചെയ്തായിരുന്നു പ്രതിഷേധം. തുടര്‍ച്ചയായ കോളുകള്‍ കൊണ്ട് മറ്റു ജീവനക്കാര്‍ പൊറുതിമുട്ടിയതോടെ ആരോപണവിധേയയായ ജീവനക്കാരിക്ക് എതിരെ നടപടി സ്വീകരിച്ചു. ജീവനക്കാരുടെ കുറവ് മൂലം ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഇത്രയധികം കോളുകള്‍ ദിവസവും വരുന്നത് ജോലിയെ ബാധിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ജീവനക്കാരില്‍ കാര്യക്ഷമതയുള്ള ജീവനക്കാരിയായിരുന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സ്ത്രീയെന്ന് ഡോക്ടര്‍ പറയുന്നു. സമ്മര്‍ദ്ദം കാരണമാകാം മോശമായി പെരുമാറിയത് എന്ന് കരുതുന്നു. എന്നാല്‍, പരുക്കന്‍ ഭാഷയില്‍ സംസാരിച്ചത് നീതികരിക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ പറയുന്നു.
Post Your Comments