![](/wp-content/uploads/2022/06/untitled-11-4.jpg)
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന ‘അഗ്നിപഥ് റിക്രൂട്ട്മെന്റിന്’ അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മിലിട്ടറിയിൽ ഹ്രസ്വകാല കരാറിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് വിഭാവനം ചെയ്യുന്ന കേന്ദ്രത്തിന്റെ ‘അഗ്നിപഥ്’ പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതി യുവാക്കൾക്ക് ഒന്നും തന്നെ നൽകുന്നില്ലെന്നും, നാല് വർഷത്തിന് ശേഷം തൊഴിലുറപ്പോ പെൻഷൻ സൗകര്യമോ ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി യുവാക്കളുടെ സ്വപ്നം തകർക്കരുതെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
നേരത്തെ, രാഹുൽ ഗാന്ധിയും അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. യുവാക്കളുടെ സംയമനം പരീക്ഷിക്കരുതെന്നും, രാജ്യത്തിന് വേണ്ടത് എന്തെന്ന് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയിരുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സുഹൃത്തുക്കളെ മാത്രമാണ് മോദി കേൾക്കുന്നതെന്നും രാഹുൽ പരിഹസിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിരോധ ഉദ്യോഗാർത്ഥികൾക്ക് രാഹുൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ജോലി നൽകുന്നില്ലെന്നും സായുധ സേനയെ ബഹുമാനിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
Also Read:കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന : പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
‘റാങ്കില്ല, പെൻഷനില്ല, രണ്ട് വർഷത്തേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റില്ല, നാല് വർഷത്തിന് ശേഷം സുസ്ഥിരമായ ഭാവിയില്ല, സൈന്യത്തോട് സർക്കാർ കാണിക്കുന്ന ബഹുമാനമില്ല, രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കളുടെ ശബ്ദം കേൾക്കൂ, അഗ്നിപരീക്ഷ എടുക്കരുത്’, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അഗ്നിപഥ് പദ്ധതി ഒഴിവാക്കി സായുധ സേനയിലേക്കുള്ള പതിവ് റിക്രൂട്ട്മെന്റ് അടിയന്തരമായി നടത്തണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തൊഴിൽ സുരക്ഷിതത്വത്തിന്റെ മിനിമം പരിരക്ഷയില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാൻ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ ഇടതുപാർട്ടികളായ സി.പി.എമ്മും സി.പി.ഐയും പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, നാല് വർഷത്തെ ഹ്രസ്വകാല കരാറിൽ കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതാണ് അഗ്നിപഥ് പദ്ധതി. പദ്ധതി പ്രകാരം, ഹ്രസ്വകാലാടിസ്ഥാനത്തില്‍ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് നിയമിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതിന് അനുമതി നൽകിയത്.
Post Your Comments