‘ഇന്നലെ രാത്രി ഉമ്മയെ വിളിച്ചിരുന്നു, മൂന്ന് മാസങ്ങൾക്കു ശേഷം ഒരപരിചിതനെ പോലെ അവരെന്നോട് സംസാരിച്ചു. എന്തൊക്കെയോ പറയുന്നതിനിടയ്ക്ക് അവരെന്നോട് കെ റെയിലിനെ പറ്റി പറഞ്ഞു. ഇറങ്ങിക്കൊടുക്കാൻ പറഞ്ഞു കഴിഞ്ഞു, എങ്ങോട്ടെന്നറിയില്ല, അങ്ങേര് ഒരായുഷ്കാലം കഷ്ടപ്പെട്ടുണ്ടാക്കിയ ആറ് സെന്റ് ഭൂമിയാണ്, ഇവിടെ വിട്ടാൽ എനിക്ക് മറ്റു മനുഷ്യരെയറിയില്ല. ആരോട് എന്ത് മിണ്ടണം പറയണം എന്നൊന്നും ഞാൻ പഠിച്ചിട്ടില്ല, പറഞ്ഞു മുഴുമിക്കും മുൻപ് ഞാൻ ഫോൺ കട്ട് ചെയ്തു, നഷ്ടപ്പെടലുകളെക്കുറിച്ച് ഇനിയും കേട്ടാൽ ഒരുപക്ഷെ ഞാൻ ആത്മഹത്യ ചെയ്തെങ്കിലോ എന്ന് പേടിയാണ്’.
Also Read:ദിവസവും നെല്ലിക്ക കഴിക്കൂ : ഗുണങ്ങൾ നിരവധി
ആറ് സെന്റ് ഭൂമിയുണ്ട് ഞങ്ങൾക്ക്, പഠിക്കാൻ വിട്ട കാലത്ത് ഒരു പത്തു വയസ്സുകാരൻ ചന്തയിൽ ചുമടെടുത്ത്, ഉറുമ്പ് നെന്മണി കൂട്ടിവയ്ക്കും പോലെ പണം ശേഖരിച്ചു വാങ്ങിയതാണ്. ഉമ്മയും ഉമ്മൂമ്മയും തമ്മിൽ കലഹമുണ്ടായപ്പോൾ ആകെയുണ്ടായിരുന്ന ആ കുടുക്ക പൊട്ടിച്ചാണ് ഉപ്പ ഈ ഭൂമി വാങ്ങിയത്. മുൻപ് അതൊരു ശ്മശാനമായിരുന്നത് കൊണ്ട് കുറഞ്ഞ വിലയ്ക്ക് കിട്ടി. മരിച്ചവരെക്കാൾ ജീവിച്ചിരിക്കുന്നവരുള്ള ഭൂമിയിൽ അയാൾ മറ്റെന്തിനെയാണ് പേടിക്കേണ്ടത്. നാട്ടിലെ പ്രധാന പുരമേച്ചിൽ കാരൻ രാമേട്ടനാണ് ഓലകൊണ്ട് മേഞ്ഞൊരു വീടവിടെ വച്ചത്. പണികഴിഞ്ഞു ഉപ്പ വരും വരെ ഞങ്ങൾ ഉറങ്ങില്ലായിരുന്നു, ഒന്ന് തള്ളിയാൽ തകർന്നു പോകുന്ന വാതിലുകൾ ഉള്ളപ്പോൾ എങ്ങനെയാണ് ഞങ്ങൾ ഉറങ്ങുക. ഇടയ്ക്ക് ഓലകൾക്കിടയിലൂടെ ചേരയിഴയുന്നത് കാണാം, അരണയും, ഒന്തും, പല്ലിയും, കൂറയും അന്ന് ഞങ്ങളുടെ സഹജീവികളായിരുന്നു.
കാലങ്ങളങ്ങനെ കടന്നു പോയി, ഒരിക്കൽ ഉപ്പയ്ക്ക് ഒരു ലോട്ടറിയടിച്ചു, എന്റെ ഓർമ്മ ശരിയാണെങ്കിൽ നാൽപ്പതിനായിരം രൂപ. ആ പണം കൊണ്ടാണ് അന്ന് ഒരു പുതിയ തറയിട്ടത്. അന്ന് ഞാൻ മൂന്നാം ക്ലാസ്സിലാണ്, പഞ്ചായത്തിൽ നിന്ന് കിട്ടിയ ലോണും, ചുമടെടുത്തുണ്ടാക്കിയ പണവും കൊണ്ട് ഒരു വാർക്കവീട് അവിടെ വർഷങ്ങളെടുത്ത് വളർന്നു വന്നു. ഉപ്പ പത്താം വയസ്സിന്റെ ചുറു ചുറുക്കോടെ അന്നും ജോലി ചെയ്തു. പണി തീരും മുൻപേ ഒരു മഴക്കാലത്ത് ഞങ്ങൾ പുതിയ വീട്ടിലേക്ക് കുടിയേറി. അത് ഞങ്ങളുടെ സ്വർഗ്ഗമായി വളർന്നു. ഞാനവിടെ മാവിൻ തൈകൾ നട്ടു, ഉമ്മയും അനുജത്തിയും ചുവന്ന റോസാപ്പൂക്കളും, അനുജൻ ഒരു നെല്ലിമരവും നട്ടു. മരങ്ങളും ചെടികളും വളർന്നു ഒപ്പം ഞങ്ങളും. വീട് പണി അപ്പോഴും പൂർണ്ണമായിട്ടില്ലായിരുന്നു. തേയ്ക്കാത്ത ചുമരുകൾ, വെള്ളം കിനിഞ്ഞിറങ്ങുന്ന തട്ടുകൾ, പക്ഷെ, ഓല വീട്ടിലെ ചോർച്ചകളും പാത്രത്തിൽ വെള്ളം വീഴുന്ന ശബ്ദവും ഇല്ലാതെയായല്ലോ എന്ന സമാധാനം ഉണ്ടായിരുന്നു.
പല കാലങ്ങളിൽ പലപ്പോഴായി ഉപ്പ വീണ്ടും ആ പഴയ ഉറുമ്പായി മാറി, കൂട്ടിവച്ചത് കൊണ്ട് വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി, ഞങ്ങളെ പഠിപ്പിച്ചു. തൊട്ടടുത്ത് രാമേട്ടനും, ഗണേഷേട്ടനും വന്നു, പിറകിൽ സുകുവേട്ടനും, കുറച്ചു മാറി ചന്ദ്രേട്ടനും വന്നു. തൊടിയിലെ തെങ്ങുകൾ കായ്ച്ചു, കാലമങ്ങനെ കടന്നു പോയി. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായിട്ടാണ് നാലുവർഷം മുൻപത്തെ ലോകകപ്പിന്റെ സമയത്ത് ഉപ്പ ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. ഓപ്പറേഷൻ സമയത്തും തിരിച്ചു വീട്ടിലെത്തും വരെയും ഞാൻ കൂടെയുണ്ടായിരുന്നു. അന്ന് ഞാൻ കാസറഗോഡ്, പികെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പി ജി പഠിക്കാൻ ചേർന്ന കാലമായിരുന്നു. ഒരു മഴതോർന്ന പകലിൽ എന്നെ ഞെട്ടിച്ചുകൊണ്ട് നാട്ടിൽ നിന്നൊരു ഫോൺ കാൾ വന്നിരുന്നു, ഉപ്പാക്ക് തീരെ വയ്യ, തിരികെ വരണമെന്ന്. കാസർഗോഡ് നിന്ന് ഞാൻ വണ്ടിയായ വണ്ടിയൊക്കെ കേറി എട്ടൊൻപത് മണിക്കൂറെടുത്തു വീട്ടിലെത്തുമ്പോൾ ഉപ്പ മരിച്ചിട്ട് കൃത്യം എട്ട് മണിക്കൂർ.
എന്നെക്കാത്ത് ഉപ്പയുടെ ജീവനില്ലാത്ത ശരീരം പള്ളിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. എന്തിനായിരുന്നു മരിച്ചിട്ടും ഞാൻ ആ മനുഷ്യനെ ഇത്രയും ആളുകൾക്കിടയിൽ കാത്ത് കിടത്തിയതെന്നോർത്ത് കാലുകൾ പൊള്ളി മരവിച്ചു. കുറച്ചു നേരത്തെ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ, ആ മനുഷ്യന്റെ കാത്തിരിപ്പ് കുറയ്ക്കാമായിരുന്നു. കഴിഞ്ഞില്ല, നിർത്തലാക്കിയ തീവണ്ടിയും, വൈകിയോടുന്ന മറ്റു വണ്ടികളും, ട്രാഫിക്കുമെല്ലാം എന്നെ ഞാനാക്കിയ മനുഷ്യനിലേക്കുള്ള എന്റെ ദൂരം കുറച്ചു. അന്നാലോചിച്ചിരുന്നു, പെട്ടെന്ന് വീട്ടിലെത്താൻ എനിക്ക് വേണ്ടി മാത്രം ഒരു തീവണ്ടി വന്നിരുന്നെങ്കിലെന്ന്. അന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നു, അങ്ങനെയൊന്നു വരുമെങ്കിൽ ഉള്ള ഭൂമിയുടെ പാതി വിട്ടു കൊടുക്കാമായിരുന്നെന്ന്.
പക്ഷെ ഉമ്മയുടെ ഫോൺ കട്ട് ചെയ്തതിന് ശേഷമാണ് ഉപ്പയുടെ രൂപം മനസ്സിലേക്ക് കയറി വന്നത്, ചുമടെടുത്ത് തലയിലെ രോമം മുഴുവൻ കൊഴിഞ്ഞു പോയ ആ മനുഷ്യൻ ചോര നീരാക്കിയ ഭൂമി എങ്ങനെ ഞാൻ വിട്ടുകൊടുക്കാനാണ്. ഉപ്പയുടെ ഓർമ്മകൾ ഈ പ്രപഞ്ചത്തിലെങ്ങുമുണ്ട്. അത് ഓരോ യാത്രകളിലും പല കാഴ്ചകളായി, പല രൂപങ്ങളായി എന്നെ തിരഞ്ഞു വരാറുണ്ട്. അച്ഛനില്ലാത്ത വീടുകൾ തീർത്തും അനാഥമാണെന്ന് തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ കടന്നു പോകുമ്പോഴും, ചുമടെടുത്ത് മെലിഞ്ഞു പോയ ആ മനുഷ്യൻ നടന്ന് നീങ്ങിയ വഴികൾ എനിക്ക് മുൻപിൽ തെളിഞ്ഞു കിടക്കുന്നു.
-സാൻ
Post Your Comments