പത്തനംതിട്ട: അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി മകൾ. കോളേജ് വിദ്യാർത്ഥിനിയായ മകൾ അഞ്ജനയാണ് അമ്മയെ ആക്രമിച്ചുകൊണ്ടോടിയ യുവാവിനെ പിന്നാലെ പോയി പിടികൂടിയത്. ഇയാളുടെ സ്ഥിരം പണിയാണ് ഇത്തരത്തിൽ വീട്ടിലെത്തി സ്ത്രീകളെ അക്രമിക്കുന്നതെന്ന് അന്വേഷണത്തിൽ മനസ്സിലായി.
സംഭവം ഇങ്ങനെ,
കച്ചവടക്കാരനെന്ന വ്യാജേനയാണ് നിനേഷ് (24) പുറമറ്റത്തെ വീട്ടിലെത്തിയത്. വീട്ടുടമ രാധാകൃഷ്ണൻ ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. ഭാര്യ ശ്യാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴേക്കും നിനേഷ് പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ശ്യാമള നിലത്തേക്ക് വീണു. ഈ സമയം അകത്തെ മുറിയിൽ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു.
അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച ശേഷം അഞ്ജന അയാളുടെ പിന്നാലെ ഓടി. അപ്പോഴേക്കും അതുവഴി സ്കൂട്ടറിൽ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുടർന്നു. പുറമറ്റത്തെ കവലയിൽ ഇയാളെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അഞ്ജന അയാൾക്ക് രണ്ട് അടിയും കൊടുത്തു.
അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയിൽ ഇയാൾ ആക്രമിച്ചുവെന്ന് അറിഞ്ഞത്. നിനേഷിനെ പിടികൂടിയപ്പോഴേക്കും ആ വീട്ടിലെ പെൺകുട്ടിയും അവിടെ എത്തിയിരുന്നു. ഈ കുട്ടിയും നിനേഷിനെ അടിച്ചു. തുടർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥിനിയാണ് അഞ്ജന. കുട്ടിയുടെ ധൈര്യത്തെ പൗരസമതി അഭിനന്ദിച്ചു.
Post Your Comments