കോഴിക്കോട്: പ്രവാചകനെതിരെയുള്ള പരാമർശ വിവാദത്തിൽ, കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രഖ്യാപിച്ച പ്രക്ഷോഭത്തിനെച്ചൊല്ലി മുസ്ലിം സംഘടനകളില്‍ വിവാദം. സംഘടനകളോട് ആലോചിക്കാതെ അവരുടെ പേര് ചേര്‍ത്ത് പ്രചാരണം നടത്തിയെന്നാണ് ആരോപണം. പോപ്പുലര്‍ ഫ്രണ്ടാണ് മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ പിന്നിലെന്നും മറ്റ് സംഘടനകളുടെ പേരില്‍ വ്യാജമായ അറിയിപ്പ് നല്‍കുകയാണെന്നുമാണ് ഉയര്‍ന്ന ആരോപണം.
ഇതോടെ രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് പരസ്യനിലപാടുമായി മുസ്ലിം ലീഗ്, സമസ്ത, മുജാഹിദ് സംഘടനകള്‍ രംഗത്തുവന്നു. പ്രക്ഷോഭത്തിന് സമൂഹമാധ്യമങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ വലിയ പ്രചാരണം നല്‍കിയിരുന്നുവെങ്കിലും അവസാന നിമിഷം അവരും പിന്‍മാറി. പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും മാത്രമായി പ്രക്ഷോഭം ചുരുങ്ങിയെങ്കിലും അതെക്കുറിച്ചുള്ള വിവാദം മുസ്ലിം സംഘടനകളില്‍ അവസാനിച്ചിട്ടില്ല.
തീവ്രവാദ സംഘടനകള്‍ക്കൊപ്പം നിന്ന് പ്രക്ഷോഭത്തിന് ഇല്ലെന്ന് സമസ്ത യുവജന സംഘടനാ നേതാവ് നാസര്‍ ഫൈസി കൂടത്തായി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രവാചക നിന്ദക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ വഴിമാറരുതെന്ന് കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും വ്യക്തമാക്കി. പ്രവാചക നിന്ദയുടെ പേരില്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത് മുഖം മൂടി ധരിച്ച വ്യാജ സംഘമാണെന്ന് SKSSF നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ ഒരുമിച്ച് രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് പറഞ്ഞ് ആവേശ കമ്മിറ്റിക്കാർ പ്രഖ്യാപിച്ച പരിപാടിയിൽ നിന്നും പ്രബല സംഘടനകളെല്ലാം വിട്ട് നിന്നു. പ്രവാചക നിന്ദക്കെതിരെ നടത്തുന്ന പ്രതിഷേധം മറ്റൊരു പ്രവാചക നിന്ദയാവരുതെന്നത് മാത്രമാണ് ഇതിൻ്റെ കാരണം. മുഖംമൂടി ധരിച്ച, വ്യാജ ഇ-മെയ്ൽ വിലാസത്തിലൂടെ വന്ന് മുസ്ലിംകളെ സംഘടപ്പിക്കുന്ന ഈ നിഗൂഢ സംഘത്തോടൊപ്പം ഇപ്പോൾ ഉറച്ച് നിൽക്കുന്നത് പോപ്പുലർ ഫ്രണ്ട് മാത്രമാണ്.
അപ്പോൾ തന്നെ ആരാണ് ഈ നാടകത്തിന് പിന്നിലെന്ന് ഏകദേശം എല്ലാവർക്കുമറിയാം. പിന്നെ ഇവർക്ക് പിന്നിൽ നിന്ന് പരമാവധി മൂർച്ച കൂട്ടുന്ന മറ്റൊരു ടീം ഇന്നലെ വൈകി അവസാന നിമിഷം പിൻമാറി. അതിനവർ പണ്ടേ മിടുക്കരുമാണ്.
സോഷ്യൽ മീഡിയ ഹർത്താലും കർണാടകയിലെ കോടതി വിധിക്കെതിരെ നടത്തിയ ബന്ദും കുറേ ഉടമയില്ലാത്ത പ്രതിഷേധങ്ങളും ഇത്തരക്കാരുടെ സ്ഥിരം പരിപാടിയാണ്. വിജയിച്ചാൽ നമ്മളാണ് അതിൻ്റെ പിന്നിലെന്ന് അണികളെ പഠിപ്പിക്കും. കുഴപ്പമായാൽ ഒന്നുമറിയാത്തവരെപ്പോലെ മാറി നിൽക്കും.
ഏതായാലും സ്വയം അജണ്ട നിർമ്മിച്ച് അത് മറ്റുള്ളവരുടെ തലയിൽ വെച്ച് ഗ്രൗണ്ടിലിറക്കാനുള്ള ഗൂഢപദ്ധതി തിരിച്ചറിഞ്ഞ സമുദായ നേതാക്കൾക്ക് അഭിവാദ്യങ്ങൾ.
പ്രവാചകനെ അവഹേളിക്കാനും നിന്ദിക്കാനുമുള്ള ശ്രമം. പുതിയ സംഭവമല്ല. അതിന് പ്രവചക ജീവിതകാലത്തോളം പഴക്കമുണ്ട്. അത് അന്ത്യനാൾ വരെ തുടരുകയും ചെയ്യും. പക്ഷെ വിശ്വാസികൾ ഈ വെല്ലുവിളികളെ അവസരമാക്കി മാറ്റും. പ്രവാചകൻ്റെ വിശുദ്ധ ജീവിതം പഠിക്കാനും പ്രചരിപ്പിക്കാനും ചര്യകൾ പിന്തുടരാനും ഇത്തരം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താം. വികാരമല്ല; വിചാരമാണ് പ്രവാചകൻ്റെ വഴി.
Post Your Comments