
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണെന്നും ഇതിന് ജയരാജനോട് പ്രതികാരം ചോദിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
‘ഞങ്ങളുടെ രണ്ടു കുട്ടികളെ വിമാനത്തില്‍ അടിച്ച് ബൂട്ടിട്ട് ചവിട്ടി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചിരിക്കുകയാണ് അവരെ. ഇ.പി.ജയരാജന്‍ നേരിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണ്. ഞങ്ങള്‍ ഇതുവരെ അക്രമത്തിന്റെ പാതയിലേക്ക് പോയിട്ടില്ല. ഞങ്ങള്‍ക്ക് പൊളിക്കാന്‍ പറ്റിയ സി.പി.എമ്മിന്റെ ഓഫീസ് കേരളത്തിലുടനീളം ഉണ്ട്. കെ.പി.സി.സി ആസ്ഥാനം വന്ന് അക്രമിച്ചത് സി.പി.എമ്മാണ്. ആരാണ് ആക്രമണം നടത്തുന്നതെന്ന് ജനം വിലയിരുത്തട്ടെ.
ജയരാജനോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ചവിട്ടി ഉരുട്ടിയിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുപ്പക്കാരായ കുട്ടികളുടെ വികാരമാണ്. തടഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് പരിമിതികളുണ്ടാകും. അവരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ അക്രമമുണ്ടായാല്‍ ഞങ്ങള്‍ അതിന് ഉത്തരവാദിയാകില്ലെന്ന് സി.പി.എമ്മിനെ ഓര്‍മ്മിപ്പിക്കുന്നു,’ സുധാകരന്‍ വ്യക്തമാക്കി. സി.പി.എം അക്രമവുമായി മുന്നോട്ട് പോയാല്‍ ആത്മരക്ഷാര്‍ത്ഥം പ്രതികരിക്കേണ്ടവരുമെന്നും അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Post Your Comments