കൊച്ചി: കറുത്ത നിറത്തിലുള്ള മാസ്കിന് വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പരിഹസിച്ച് അഭിഭാഷകൻ രാജേഷ് വിജയൻ. തന്റെ ഔദ്യോഗിക വക്കീൽ കുപ്പായത്തിന് കളർ അടിച്ചുകൊണ്ടുള്ള ചിത്രമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ബാർ കൗൺസിൽ ക്ഷമിക്കണമെന്നും, നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുള്ളത് കൊണ്ടാണ് ഇങ്ങനെയെന്നും അദ്ദേഹം പരിഹസിക്കുന്നു. വേറെ വഴിയില്ലെന്നും അഭിഭാഷകൻ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയ പോലീസ് നടപടി വിവാദമാവുകയാണ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ച്, പകരം അവർക്ക് മഞ്ഞ മാസ്ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു. കറുപ്പിനോടുള്ള ഈ വിലക്കിനെതിരെ നടന്മാരായ ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്ബന്ധമെന്നും, കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ.പി ജയരാജൻ ചോദിച്ചു. കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാൻസ്ജെന്റർ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജൻ ന്യായീകരിച്ചു. അവർ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബി.ജെ.പിക്കാരാണെന്നായിരുന്നു ജയരാജന്റെ വാദം.
Post Your Comments