കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് രംഗത്തെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം എന്നായിരുന്നു ജയരാജൻ കഴിഞ്ഞ ദിവസം ചോദിച്ചത്. ജയരാജന്റെ പ്രസ്താവനയെ തിരുത്താൻ തയ്യാറാകാത്ത മുന്നണിയെയും ഹരീഷ് വിമർശിക്കുന്നുണ്ട്. നേരത്തോട് നേരം കഴിഞ്ഞിട്ടും കൺവീനറെ മുന്നണി തിരുത്തുന്നില്ലെങ്കിൽ അത് അവരുടെ നിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്ന് ഹരീഷ് വാസുദേവൻ വ്യക്തമാക്കുന്നു.
ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ടെന്നും, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാൻ സൗകര്യപ്പെടില്ലെന്നും അദ്ദേഹം പറയുന്നു. എന്ത് ചെയ്യണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കാൻ ഇ.പി ജയരാജന്റെയോ കേരള പോലീസിന്റെയോ പിന്തുണ ആവശ്യമില്ലെന്നും ഹരീഷ് വ്യക്തമാക്കുന്നു. കറുത്ത മാസ്കും, ഷർട്ടും തന്നെ ഇടണമെന്ന് എന്താ ഇത്ര നിർബന്ധം എന്ന ചോദ്യത്തിലെ ജനാധിപത്യവിരുദ്ധത ജയരാജന് ഇനിയും മനസിലായിട്ടില്ലെങ്കിൽ, അത് അയാളുടെ നിലവാരമില്ലായ്മയെ ആണ് കാണിക്കുന്നതെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
Also Read:ടിപ്പര് ലോറിയിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം
‘ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങൾക്കിത്ര നിർബന്ധമെന്താ? എന്ന് ആർ.എസ്.എസ് ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത തന്നെയാണ് ഇതും. അളവിൽ വ്യത്യാസമുണ്ടെന്ന് മാത്രം. അത് ആ കൺവീനർക്ക് ബോധ്യപ്പെടുന്നില്ലെങ്കിൽ അത് അയാളുടെ നിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നു. നേരത്തോട് നേരം കഴിഞ്ഞിട്ടും കൺവീനറെ മുന്നണി തിരുത്തുന്നില്ലെങ്കിൽ അത് അവരുടെ നിലവാരമില്ലായ്മയെ കുറിക്കുന്നു. നിരോധനം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, പൗരസമൂഹത്തിൽ അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് ചെയ്തു കാണിച്ചാണ് നാം പ്രതിഷേധിച്ചിട്ടുള്ളത്.
ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ചത് ഫെസ്റ്റിവലിൽ പങ്കെടുത്താണ്. ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ട്, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാൻ സൗകര്യപ്പെടില്ല. ‘ഈ രാജ്യം അവന്റെ ത$യുടെ വകയല്ല’ എന്ന ചീഞ്ഞ സിനിമാ ഡയലോഗ് നിലവാരത്തിലുള്ള മറുപടിയാണ് ജനങ്ങളിൽ നിന്ന് ജയരാജൻ അർഹിക്കുന്നതെങ്കിൽ, അതിന്റെ കേട് മുന്നണിക്ക് മൊത്തത്തിൽ ആണെന്ന് മറ്റു നേതാക്കളും മനസിലാക്കുന്നത് പൊതുവിൽ നല്ലതാണ്. എൽ.ഡി.എഫ് കൺവീനറേ മുന്നണി തിരുത്തണം’, ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments