KeralaLatest NewsNews

സംഘർഷഭരിതമായ മൂന്ന് ദിവസം: ഒടുവിൽ മൗനം വെടിഞ്ഞു, ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: കറുപ്പിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കുമൊടുവിൽ മൂന്ന് ദിവസത്തെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കറുത്ത വസ്ത്രം ധരിക്കുന്നതിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കറുത്ത നിറത്തിലുള്ള ഷർട്ട് ധരിക്കുന്നതിനോ മാസ്ക് ധരിക്കുന്നതിനോ വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും, സർക്കാരിനെതിരെ ഉയരുന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, റോഡുകളിൽ ബാരിക്കേഡും വൻ പൊലീസ് സന്നാഹവും ഗതാഗതനിയന്ത്രണവുമായി മുഖ്യമന്ത്രിക്ക് കേരളം ഇന്നുവരെ കാണാത്ത സുരക്ഷ മൂന്നാം ദിവസവും തുടർന്നു. കറുത്ത മാസ്ക്കിന് നിരോധനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച വൈകിട്ട് അറിയിച്ചെങ്കിലും നടപടിയിൽ നിന്നും പോലീസ് പിന്നോട്ട് പോകാതിരുന്നത് ആണ് വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. വേദിയിൽ നിന്ന് വേദിയിലേക്ക് ചീറിപ്പാഞ്ഞ് പോകുന്ന മുഖ്യമന്ത്രി സംഭവങ്ങൾ അറിഞ്ഞിട്ടും പ്രതികരിക്കാതിരുന്നത് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടി.

Also Read:ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ!

പ്രതിഷേധമുയർന്ന ആദ്യദിവസം തന്നെ ഔദ്യോഗിക പ്രതികരണം അറിയിച്ചിരുന്നുവെങ്കിൽ ഇത്തരമൊരു കലുഷിത സാഹചര്യത്തിലേക്ക് കേരളം നീങ്ങില്ലായിരുന്നുവെന്ന് വ്യക്തം. പ്രതിപക്ഷ കക്ഷികൾ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടാൻ അവസരമൊരുക്കിയത് കറുത്ത മാസ്ക് ‘വിലക്ക്’ തന്നെയായിരുന്നു എന്ന് പറയാതിരിക്കാനാകില്ല.

പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ, 2013 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ സോളർ ആരോപണം ഉയർന്നപ്പോൾ നടത്തിയ പ്രസ്താവനയും ഇതിനിടെ പ്രതിപക്ഷം ആയുധമാക്കി. ‘കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷർട്ട് ഊറി വീശിയെന്നു പറയുന്നു. അതൊരു ക്രിമിനൽ കുറ്റമാണോ? പ്രതിഷേധത്തിന്റെ രൂപമല്ലേ, ആ പ്രതിഷേധം പ്രകടിപ്പിച്ചാൽ ശാരീരികമായി തകർക്കും, മാത്രമല്ല ചെറുപ്പക്കാരന്റെ ലൈംഗിക ശേഷി പോലും ഇല്ലാതാക്കും എന്ന നാണംകെട്ട നില എങ്ങനെയാണ് നമ്മുടെ നാട്ടിലെ പൊലീസിന് സ്വീകരിക്കാൻ കഴിയുക?’, എന്നായിരുന്നു അന്ന് പിണറായി വിജയൻ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button