
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി ഭർത്താവാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. കസ്റ്റഡിയിലുണ്ടായിരുന്ന ഭർത്താവ് പുറക്കാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ ശശി(66)യുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളുടെ ഭാര്യ രമ(63) കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിൽ വച്ച് കൊലചെയ്യപ്പെട്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്.
രമയുടെ തലയ്ക്കേറ്റ പരിക്കിന്റെ കാഠിന്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ ആറും ശരീരത്തിനു മൂന്നും മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയിൽ എങ്ങനെ മുറിവു വന്നെന്നാണ് പോലീസ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശശിയെയും മകൻ ശരത്തിനെയും ചോദ്യം ചെയ്തിരുന്നു. മകൻ ഉപദ്രവിച്ചതാകാമെന്നായിരുന്നു ശശി പോലീസിനോടു പറഞ്ഞത്. എന്നാൽ, സംഭവം നടന്ന ദിവസം രാവിലെ എട്ടുമണിക്ക് ശരത് എം.ബി.എ പരീക്ഷ എഴുതാൻ ചേർത്തലയ്ക്കു പോയതായി പോലീസ് കണ്ടെത്തി.
രാവിലെ ഒൻപതരയ്ക്ക് ഉറക്കമുണർന്നപ്പോൾ ഭാര്യ തറയിൽ മരിച്ചു കിടക്കുന്നതു കണ്ടതായാണ് ശശിയുടെ മൊഴി. എന്നാൽ, അന്നു രാവിലെ 9.45-ന് അനുജത്തി സുശീല, രമയെ ഫോണിൽ വിളിച്ചപ്പോൾ അസ്വാഭാവികമായ നിലയിലായിരുന്നു സംസാരമെന്നും പത്തു സെക്കൻഡ് സംസാരിച്ചശേഷം രമ മിണ്ടാതിരുന്നു, പിന്നെ, ഫോൺ കട്ടായി എന്നും സുശീല മൊഴി നല്‍കിയിട്ടുണ്ട്. സുശീല ഉടനെ ശശിയെ വിളിച്ചപ്പോൾ രമ ചത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സുശീലയുടെ മൊഴിയും അന്വേഷണത്തിൽ നിർണ്ണായകമായി.
Post Your Comments