പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് യുവതി രംഗത്ത് വന്നിരിക്കുന്നത്. ഷാജഹാനുമായി കുടുംബത്തിന് നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നതെന്നും, എന്ത് ആവശ്യത്തിനും ആദ്യം വിളിക്കുന്നത് ഷാജഹാനെയായിരുന്നുവെന്നും യുവതി പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. ഓടിപ്പോയത് ആരാണെന്ന് യുവതിക്ക് മനസിലായില്ല. സംഭവത്തെ കുറിച്ച് പറയാൻ യുവതി ഷാജഹാന്റെ ഫോണിലേക്ക് വിളിച്ചു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയമുണർന്നത്. ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി.
Also Read:സ്വപ്നയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം: ഡി.ജി.പിക്ക് പരാതി നൽകി ഷാജ് കിരൺ
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സി.പി.എം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയും സ്വീകരിച്ചു. സി.പി.എം കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
Post Your Comments