കൊച്ചി: കോഴിക്കോട്ട് പമ്പ് ജീവനക്കാരനെ മർദ്ദിച്ച് കെട്ടിയിട്ട് കവർച്ച നടത്തിയതിന് പിന്നാലെ കൊച്ചിയിലെ പമ്പിലും കവർച്ച. ചേറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിൽ ആണ് മോഷണം നടന്നത്. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു കവർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.
പമ്പിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഇന്നലത്തെ കളക്ഷൻ തുകയായിരുന്നു കവർന്നത്. സംഭവത്തിൽ മുനമ്പം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, പുലർച്ചെ കോഴിക്കോട് നഗരത്തിലുള്ള പെട്രോൾ പമ്പിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം പമ്പിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയുമായിട്ടായിരുന്നു മോഷ്ടാവ് കടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മുളകു പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments