KeralaLatest News

സുപ്രീംകോടതി ഉത്തരവ്: മറ്റന്നാള്‍ എല്‍ഡിഎഫ് ഹർത്താൽ

ഇടുക്കി: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ശിവരാമന്‍ വ്യക്തമാക്കി.

അതേസമയം, ഉത്തരവിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജൂണ്‍ 16ന് ഹര്‍ത്താല്‍ നടത്തുമെന്നാണ് യുഡിഎഫ് അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം.

‘ജനവാസമേഖലകളെ ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ദൂരപരിധി നിശ്ചയിച്ചാല്‍ പ്രശ്നമാകും. ഏറ്റവും കുറ‌ഞ്ഞത് നിലവിലുള്ളവര്‍ക്ക് തുടരാനുള്ള സാഹചര്യം ഉണ്ടാകണം. മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും’- വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. വിഷയത്തില്‍ ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി (ഇ.എ.ഇസെഡ്) നിലനിറുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്. ഈ മേഖലയില്‍ ഒരുതരത്തിലുള്ള വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താനാവില്ല.

വന്യജീവി സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള വനാതിര്‍ത്തികളില്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത പരിഗണിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്ക് സര്‍ക്കാര്‍ സുപ്രീംകോടതിക്ക് നല്‍കേണ്ടി വരും. ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഭൂമിക്ക് പട്ടയം നല്‍കിയിട്ടുണ്ടെങ്കില്‍ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്. കോടതി വിധിയില്‍ കുടിയേറ്റ കര്‍ഷകരും ആശങ്കയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button