ന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും പുതിയ വിവാദങ്ങളിൽ കസ്റ്റംസും സ്വപ്നയിൽ നിന്ന് വിവരങ്ങൾ തേടും.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളാണ് സ്വർണക്കടത്ത് കേസിനെയും സ്വർണക്കടത്തിന്റെ മറവിലെ കള്ളപ്പണ ഇടപാടിനെയും വീണ്ടും ചൂട് പിടിപ്പിച്ചത്. ആരോപണങ്ങൾ അല്ലെന്നും കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ എല്ലാം വിശദമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞതോടെ സർക്കാർ പ്രതിസന്ധിയിലായി.
രഹസ്യ മൊഴി പകർപ്പ് കോടതിയിൽ നിന്ന് ലഭിച്ചാൽ ഉടൻ അത് മുൻനിർത്തി സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. തുടർന്നായിരിക്കും മുഖ്യമന്ത്രിയേയും കുടുംബത്തെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
Post Your Comments