
പാലക്കാട്: സിപിഎം നേതാക്കളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്. മലമ്പുഴ എംഎൽഎ എ പ്രഭാകരന്റേയും സിപിഐഎം പാലക്കാട്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേരിൽ ആണ് ജോലി തട്ടിപ്പ് നടന്നത്. കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും രണ്ടംഗ സംഘം പണം തട്ടി. എ പ്രഭാകരൻ എംഎൽഎയുടെ അറിവോടെയാണ് നിയമനമെന്ന് ഉദ്യോഗാർത്ഥിയെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു.
ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ സ്വദേശി സിദ്ധിഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. തട്ടിപ്പിനെതിരെ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേരള ബാങ്കിലെ ക്ലാർക്ക് നിയമനത്തിന്റെ പേരിൽ പലരിൽ നിന്നായി കണ്ണൂർ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം ആവശ്യപ്പെടുകയും ചിലർ പണം കൈമാറുകയും ചെയ്തിട്ടുണ്ട്.
എംഎൽഎയുമായോ പാർട്ടി ജില്ലാ സെക്രട്ടറിമാരുമായോ ഒരു ബന്ധവുമില്ലാത്തയാളുകളാണ് തട്ടിപ്പിന് ഭരണകക്ഷി നേതാക്കളെ മറയാക്കാൻ ശ്രമിച്ചത്. എംഎൽഎയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ തട്ടിപ്പിനിരയായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments