
ഹൈദരാബാദ്: കൗമാരക്കാരിയെ എംഎൽഎയുടെ മകനുൾപ്പെടെ 5 കൗമാരക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കി. അഞ്ച് പ്ലസ് 2 വിദ്യാർത്ഥികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെയ് 28ന് ജൂബിലി ഹിൽസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജൂൺ ഒന്നിന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മെയ് 28 ന് മകൾ ജൂബിലി ഹിൽസിലെ ഒരു പബ്ബിൽ സുഹൃത്തുക്കൾ നടത്തിയ പാർട്ടിക്ക് പോയിരുന്നുവെന്ന് പിതാവ് പറയുന്നു. ‘വൈകിട്ട് 5.30 ഓടെ അവളെ പ്രതികൾ കാറിൽ കയറ്റി പബ്ബിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് മകളോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തു. അവളെ മർദ്ദിക്കുകയും കഴുത്തിൽ പരുക്കേൽപ്പിക്കുകയും ചെയ്തു.കാര്യങ്ങൾ കൃത്യമായി വെളിപ്പെടുത്താൻ മകൾക്ക് കഴിയുന്നില്ല’ എന്നും പിതാവ് പറഞ്ഞു.
ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ (വെസ്റ്റ് സോൺ) ജോയൽ ഡേവിസ് പറഞ്ഞു. ന്യൂനപക്ഷ ബോർഡ് ചെയർമാന്റെ മകനെ കൂടാതെ എംഎൽഎയുടെ മകനും പാർട്ടിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ പ്രതികളിലൊരാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354, 323 വകുപ്പുകളും പോക്‌സോ നിയമത്തിലെ 10-ാം വകുപ്പ് 9 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments