ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളി കോടതി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ നവാസ് വണ്ടാനം, മൂന്നാം പ്രതി അൻസാർ നജീബ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. വിവാദമായ റാലിയുടെ സംഘാടകനായിരുന്നു നവാസ് വണ്ടാനം. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ആളാണ് അൻസാർ നജീബ്. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 28 ആയി. അതേസമയം, പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോർട്ടിലുള്ളത്. എസ്‍ഡിപിഐ (SDPI) തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീർ. കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്താണ് സുധീർ. ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‍കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്കർ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ ഒരാൾ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറിയായ സിദ്ദിഖാണ് അറസ്റ്റിലായത്.
Post Your Comments