കുറ്റിപ്പുറം: ഹൈടെക് എന്ന പേരിൽ സർക്കാർ വിളിക്കുന്ന അംഗൻവാടികളുടെ യഥാർത്ഥ സ്ഥിതി വളരെ ദയനീയമാണെന്നാണ് കുറ്റിപ്പുറത്തെ ഈ കാഴ്ച നമുക്ക് വ്യക്തമാക്കിത്തരുന്നത്. പേരിന് പോലും ഒരു തുള്ളി വെളിച്ചമില്ലാതെയാണ് ഇവിടെ ഈ കുട്ടികൾ കഴിയുന്നത്. 2019 ൽ പണി പൂർത്തിയായ കുറ്റിപ്പുറം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 72ാം നമ്പര്‍ ഹൈടെക് അംഗന്‍വാടിയുടെ അവസ്ഥയാണ് ഇപ്പോൾ ദയനീയമായിരിക്കുന്നത്.
കുട്ടികൾ പഠിക്കുന്ന ക്ലാസ്സ് മുറികളിൽ സൂര്യന്റെ വെളിച്ചെമൊഴിച്ചാൽ മറ്റൊന്നും എത്തി നോക്കാനില്ല. ഹൈടെക് യുഗത്തിൽ കഴിയുന്ന കേരളത്തിലെ ഒരു അംഗൻവാടിയുടെ അവസ്ഥയാണ് ഇത്. വര്‍ഷങ്ങളോളം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച പൈങ്കണൂര്‍ പ്രദേശത്തെ അംഗന്‍വാടിക്ക് സ്വന്തം കെട്ടിടമായിട്ടും വെള്ളവും വെളിച്ചവും ഇല്ലാത്ത അവസ്ഥയാണുള്ളത്. വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവും ഒരുക്കുന്നതിന് മുൻപ് തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്തതാണ് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കിയത്.
അംഗന്‍വാടിയുടെ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു തുടങ്ങിയതോടെ പൂർത്തിയാക്കാനുള്ള മറ്റു പണികളുടെ കാര്യം അധികൃതർ ശ്രദ്ധിക്കാതെ പോവുകയാണ്. കോവിഡ് സമയത്ത് പ്രവർത്തിക്കാതിരുന്ന അംഗൻവാടി ദീർഘകാലത്തിനു ശേഷം തുറന്നിട്ടും വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കെട്ടിടോദ്ഘാടന സമയത്ത് ഒരു ടി.വി വാങ്ങി നല്‍കിയിരുന്നെങ്കിലും വൈദ്യുതിയില്ലാത്തത് കാരണം ഇതുവരെ അതൊന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
കെട്ടിടത്തെ പോലെത്തന്നെ അംഗൻവാടിയുടെ ചുറ്റുപാടും, അംഗൻവാടിയിലേക്കുള്ള വഴിയുമെല്ലാം കാടുമൂടി കിടക്കുകയാണ്. ഇത് കുട്ടികളെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. 30ഓളം കുട്ടികള്‍ ഉണ്ടായിരുന്ന അംഗന്‍വാടിയില്‍ നിലവില്‍ 10 താഴെയുള്ളവര്‍ മാത്രമേ വരുന്നുള്ളൂ. പല അംഗൻവാടികളും വലിയ സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുമ്പോഴാണ് കുറ്റിപ്പുറത്തെ ഈ അംഗൻവാടിയോട് മാത്രം സർക്കാരിന്റെ അനാസ്ഥ. കുട്ടികളാണ് നാളത്തെ തലമുറ എന്ന ബോധ്യം സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്.
-സാൻ
Post Your Comments