എറണാകുളം: മത്സ്യഫെഡിലെ അഴിമതിയെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് മത്സ്യത്തൊഴിലാളി ഫോറം. കുറ്റക്കാരായി കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികാരത്തിന്റെ തണലിൽ രക്ഷപെടാൻ അവരെ അനുവദിക്കരുതെന്നും ഫോറം പ്രസിഡന്റ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു.
മത്സ്യബന്ധന ഉപാധികൾ സ്വന്തമാക്കുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പ ലഭ്യമാക്കി കൊണ്ട് തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ നിയന്ത്രണം സാധ്യമാക്കുക, മത്സ്യത്തിന്റെ ഉല്പാദകരായ മത്സ്യ തൊഴിലാളികൾക്ക് അവരുടെ പ്രയത്ന ഫലത്തിന് ആദ്യവില നിശ്ചയിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊണ്ട് ഇടനിലക്കാരുടെ ചൂഷണത്തിന് അറുതി വരുത്തുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യവും മത്സ്യ ഉൽപ്പന്നങ്ങളും സംഭരിക്കുകയും വിപണനം സാധ്യമാക്കുകയും ചെയ്യുക എന്നിവയാണ് മത്സ്യഫെഡിന്റെ സ്ഥാപക ലക്ഷ്യങ്ങൾ. ഇവ സാധ്യമാക്കുന്നതിൽ മത്സ്യഫെഡ് എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യഫെഡിനെ അഴിമതി വിമുക്തമാക്കാനും കാലോചിതമായി പുനഃസംഘടിപ്പിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു.
Post Your Comments