ആലുവ: തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സ്വവർഗാനുരാഗി ആദില നസ്‌റിൻ രംഗത്ത്. ആലുവ സ്വദേശിയായ ആദിലയുടെ പങ്കാളി കോഴിക്കോട് സ്വദേശിനിയായ ഫാത്തിമ നൂറ ആണ്. നൂറ നിലവിൽ അവളുടെ ബന്ധുക്കളുടെ തടവിലാണ്. ആദിലയുടെ വീട്ടിൽ കഴിയുകയായിരുന്ന നൂറയെ അവളുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നൂറയെ തിരിച്ചുവേണമെന്ന ആവശ്യമാണ് ആദില ഉന്നയിക്കുന്നത്. സൗദിയിൽ പഠിക്കുമ്പോഴാണ് നൂറയെ പരിചയപ്പെടുന്നതെന്നും, പ്ലസ് ടുവിന് പതിക്കുമ്പോൾ ആണ് പ്രണയത്തിൽ ആയതെന്നും ആദില പറയുന്നു. ഏഷ്യാവില്ലെയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആദിലയുടെ പ്രതികരണം.
‘നൂറയ്ക്ക് അവളുടെ വീട്ടുകാർ വിവാഹം ആലോചിച്ചിരുന്നു. അവൾ എനിക്ക് വേണ്ടി കുറെ പിടിച്ചുനിന്നു. ഞങ്ങൾക്കൊരു രോഗമാണെന്ന് അവർ പറഞ്ഞു. ഞാൻ അവളെ ചീത്തയാക്കുവാണ് എന്നായിരുന്നു അവളുടെ വീട്ടുകാർ പറഞ്ഞത്. എന്നെ വേഗം കെട്ടിച്ച് വിടണമെന്നായിരുന്നു ആവശ്യം’, ആദില പറയുന്നു.
Also Read:‘മണ്ഡലത്തിലുള്ളവർ പി.ടി തോമസിനായി ഒരു വോട്ട് നൽകുമെന്നാണ് പ്രതീക്ഷ’: ഉമാ തോമസ്
തന്റെ വീട്ടിൽ കഴിയുകയായിരുന്ന നൂറയെ അവളുടെ ബന്ധുക്കൾ തങ്ങളെ മർദ്ദിച്ച് അവളെ ബന്ദിയാക്കിയെന്നാണ് ആദില നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇരുവരുടെയും ബന്ധത്തെ എതിർത്ത വീട്ടുകാർ ഇവരെ ശാരീരികമായി മർദ്ദിച്ചുവെന്നും ആരോപണമുണ്ട്. വീടുകളിൽ നിന്ന് ഒളിച്ചോടിയ ഇവർ വനജ കലക്റ്റീവിൽ സഹായം തേടുകയായിരുന്നു. നൂറയുടെ വീട്ടുകാർ ആളെക്കൂട്ടി സംഘടനയ്‌ക്കെതിരെ രംഗത്ത് വന്നു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ല എന്നവർ പറഞ്ഞതായി ആദില പറയുന്നു. നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഇടപെട്ട് പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിൽ വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറല്ലെന്നും അവർ അപകടകാരികളാണെന്നുമായിരുന്നു നൂറ പറഞ്ഞത്.
‘അവളുടെ മൂത്തമ്മ അസഭ്യവർഷമായിരുന്നു നടത്തിയത്. ഞാൻ ഇതുവരെ കേൾക്കാത്ത തെറികൾ വരെ ആണ് അവർ വിളിച്ചത്. ട്രെയിനിന്റെ അടിയിൽ ഒക്കെ ചത്ത് കിടക്കുമെന്ന് നൂറയെ നോക്കി അവർ പറഞ്ഞു. ഞാൻ കെട്ട്യോനും നൂറ കെട്ട്യോളും ആണോ എന്ന് അവർ ചോദിച്ചു. പോലീസിനോട് വീട്ടുകാരുടെ കൂടെ പോകാൻ താൽപ്പര്യമില്ലെന്ന് ഞങ്ങൾ പറഞ്ഞു’, ആദില പറയുന്നു.
ആദിലയുടെ കുടുംബത്തിൽ നിന്നും ഇത്രയും പ്രശ്നമുണ്ടായില്ല. ആദിലയുടെ ഉമ്മയും ബന്ധുക്കളും ആദിലയുടെ കൂടെ നൂറയെയും കൂട്ടിക്കൊണ്ടു പോയി. നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും പറഞ്ഞായിരുന്നു നൂറയെ സ്വീകരിച്ചത്. ആദിലയുടെ വീട്ടിൽ വച്ച് ഈ രണ്ടുപേരും നിരന്തരം വൈകാരിക ബ്ലാക്ക്മെയിലിംഗിന് ഇരയായി. പല രാത്രികളിലും ഉറങ്ങാൻ പോലും അനുവദിക്കാതെ അവരോട് പ്രണയം ഉപേക്ഷിക്കാൻ ആദിലയുടെ വീട്ടുകാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
Also Read:ദൈവങ്ങൾ കാരണമാണ് ഇന്ത്യ ഒരു ആഗോള ശക്തികേന്ദ്രമായി മാറിയിരിക്കുന്നത്: യു.പി മന്ത്രി
‘വീട്ടിലെത്തിയപ്പോൾ വാപ്പ ഉണ്ടായിരുന്നു. എന്നോട് ഇനി വുമൺസ് കോളേജിൽ പോകണ്ട എന്ന് പറഞ്ഞു. അവളോട് എന്റെ വാപ്പ പറഞ്ഞു, ഇത് ഇസ്‌ലാമിൽ നിരക്കാത്ത കാര്യമാണ്. നിങ്ങൾ രണ്ട് പേരും രണ്ടാകണം. രണ്ട് പേരുടെ സന്തോഷത്തിന് വേണ്ടി എത്ര പേരാണ് നീറുന്നത് എന്ന് അവളോട് പറഞ്ഞു’, ആദില പറഞ്ഞു.
23 ന് നൂറയുടെ ഉമ്മയും ബന്ധുക്കളും ചേർന്ന് ആദിലയുടെ വീട്ടിലെത്തി നൂറയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നൂറയെ തിരിച്ചുകിട്ടാൻ തലശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആദിലയെയും നൂറയെയും ബിനാനിപുരം പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും സ്വസമ്മതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായവരാണെന്ന് മനസിലാക്കി പോലീസ് പരാതി സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ ആലുവയിലെ ഷോട്ട് സ്റ്റേ ഹോമിലാണ് ആദില. നൂറയെ തിരിച്ചുകിട്ടാനുള്ള പ്രയത്നത്തിലാണ് ഈ പെൺകുട്ടി.
Post Your Comments