അടൂർ: കണ്ടക്ടർ മൂത്രമൊഴിക്കാനായി കയറിയ സമയംകൊണ്ട് ബസ് അടുത്ത സ്റ്റാൻഡിലെത്തി. യാത്രക്കാരൻ പറ്റിച്ച പണിയിലാണ് ഡ്രൈവർ മാത്രമായി കെഎസ്ആർടിസി ബസ് 18 കിലോമീറ്റർ ഓടിയത് . തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആർടിസി ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്.
തിരുവനന്തപുരത്തുനിന്ന് ബസ് കൊട്ടാരക്കരയിലെത്തിയപ്പോൾ കണ്ടക്ടർ മൂത്രമൊഴിക്കാനായി ഇറങ്ങി. അൽപ്പംകഴിഞ്ഞ് യാത്രക്കാരിലാരോ ഡബിൾ ബെല്ലടിച്ചു. ഇതോടെ ഡ്രൈവർ ബസെടുത്തു. കണ്ടക്ടർ ആവശ്യം കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് ബസ് വിട്ടുപോയ വിവരമറിയുന്നത്. തുടർന്ന്, കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വിവരം അടൂർ ഡിപ്പോയിൽ അറിയിച്ചതോടെ ബസ് സ്റ്റാൻഡിൽ പിടിച്ചിട്ടു.
മുക്കാൽമണിക്കൂർ കഴിഞ്ഞ് കണ്ടക്ടർ മറ്റൊരു ബസിൽ അടൂരിലെത്തിയശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്. ഈ സമയമത്രയും യാത്രക്കാർ ക്ഷമയോടെ ബസിൽ കാത്തിരുന്നു സഹകരിക്കുകയും ചെയ്തു. അതേസമയം, ഡബിൾ ബെല്ലടിച്ച വിരുതനെ കണ്ടെത്താനായില്ല. അബദ്ധത്തിലാണോ അറിഞ്ഞുകൊണ്ടാണോ ബെല്ലടിച്ചതെന്നും വ്യക്തമല്ല.
Post Your Comments