കൊച്ചി: സ്വവര്‍ഗാനുരാഗികളായ ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാന്‍ അനുമതി നൽകി ഹൈക്കോടതി. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനിയായ ആദില നസ്രിന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതേത്തുടർന്ന്, ആദില നസ്രിന്റെ പങ്കാളിയായ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം പോകാൻ കോടതി അനുവദിച്ചു.
രാജ്യത്ത് പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച്, ചൊവ്വാഴ്ച രാവിലെയാണ് ആദില ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധി പ്രകാരം, തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ഹര്‍ജിയിൽ ആദില ആവശ്യപ്പെട്ടു.
ആലുവയിലുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു ഫാത്തിമ നൂറയുമൊത്ത് ആദില താമസിച്ചിരുന്നത്. ഇവിടെനിന്നാണ് ഫാത്തിമയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ്, സ്വവര്‍ഗാനുരാഗികളായ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് വെളിപ്പെടുത്തി ആദില രംഗത്ത് വന്നത്. ഇതിന് പിന്നാലെ, ആദില പരാതിയുമായി പോലീസിനെയും കോടതിയേയും സമീപിക്കുകയായിരുന്നു.
Post Your Comments