കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്കര്‍ മുസാഫിറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്കർ മുസാഫിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും. തങ്ങൾ ഒളിച്ചുപോയതല്ലെന്നും ടൂറിലായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. റാലിയിലെ മുദ്രവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. അസ്കറിനെ കസ്റ്റഡിയിൽ എടുത്തതിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസിനെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യവുമായി നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രദേശത്ത് തടിച്ച് കൂടിയത്.
‘കുട്ടി മുദ്രവാക്യം വിളിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഒരു മതത്തിനും എതിരയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെ മാത്രമാണ്. പൗരത്വ പ്രക്ഷോഭ സമയത്തും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. അന്ന് വിവാദമാകാത്തത് ഇപ്പോള്‍ എങ്ങനെ വിവാദമായി’, അസ്കര്‍ മുസാഫിര്‍ ചോദിച്ചു. പൗരത്വ ബില്ലിനെതിരായ സമരത്തില്‍ മറ്റുള്ളവര്‍ വിളിക്കുന്നത് കേട്ടാണ് താന്‍ മുദ്രാവാക്യം വിളിച്ചതെന്ന് കുട്ടിയും പറഞ്ഞു.
അതേസമയം, അസ്കർ മുസാഫിറിനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച നിരവധി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചതിന് സംഘാടകർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
Post Your Comments