![POWER CUT ALERT](/wp-content/uploads/2019/03/power-cut-alert.jpg)
പാറ്റ്‌ന: കിഴക്കൻ ബീഹാറിലെ പൂർണിയ ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിൽ എല്ലാ ദിവസം രാത്രി കറന്റ് പോകും. പിന്നെ ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം മാത്രമേ വരൂ. ആദ്യമൊന്നും ആരും ഇത് ഗൗരവത്തോടെ എടുത്തില്ലെങ്കിലും മാസങ്ങളോളം ഇത് തുടർന്നതോടെ ആളുകൾ അസ്വസ്ഥരായി. പവർ ഗ്രിഡ് തകരാറുകളൊന്നും കമ്പനി റിപ്പോർട്ട് ചെയ്തതുമില്ല. സമീപ ഗ്രാമങ്ങളിൽ ഈ പ്രശ്‌നം ഇല്ലാതിരിക്കുന്നതും ആളുകളെ ആശങ്കയിലാക്കി.
ഇതിന് പിന്നിലെ കാരണം എന്താണെന്ന് ആർക്കും മനസ്സിലായില്ല. ഇതിന് പിന്നാലെയാണ് അസ്വാഭാവിക കറന്റ് പോക്കിന്റെ കാരണം കണ്ടെത്താൻ ആളുകൾ ഇറങ്ങിയത്. കറന്റ് പോകുന്ന സമയത്ത് ഗ്രാമവാസികൾ സംഘങ്ങളായി തിരിഞ്ഞ് തെരുവുകളിൽ ചുറ്റി നടന്നു. അവസാനം സ്‌കൂളിലെ അങ്കണത്തിൽ എത്തിയ ഗ്രാമവാസികൾ ഞെട്ടി. ഒരു പ്രണയ ജോഡിയെയാണ് അവിടെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ എല്ലാ സത്യവും പുറത്തുവന്നു.
മറ്റാരുമറിയാതെ തന്റെ കാമുകിയോടൊപ്പം രാത്രിയിൽ സംസാരിക്കാനായി ഇലക്ട്രീഷ്യനായ യുവാവ് ഗ്രാമത്തിലെ വൈദ്യുതി സ്ഥിരമായി വിച്ഛേദിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് യുവാവ് പിടിയിലായത്. എന്നാൽ, പിടിയിലായതോടെ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി ഒരു ട്വിസ്റ്റും ഉണ്ടായി. ഇലക്ട്രീഷ്യനെ എല്ലാവരും ചേർന്ന് പൊതിരെ തല്ലിയെങ്കിലും സംഭവം നാട് മുഴുവൻ അറിഞ്ഞതോടെ ഇവരുടെ കല്യാണവും നാട്ടുകാർ നടത്തിക്കൊടുത്തു. കൂടാതെ യുവാവിനെതിരെ പരാതി നൽകാനും നാട്ടുകാർ കൂട്ടാക്കിയില്ല.
Post Your Comments