ബംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യപ്പെടുത്താനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നെഹ്‌റുവിനെ അപേക്ഷിച്ച് ദേശീയ സുരക്ഷയിലും ഐക്യത്തിലും മോദി ശക്തമായ നടപടികളെടുത്തുവെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. നെഹ്‌റുവിന്‍റെ ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
‘നെഹ്‌റു എവിടെ? മോദി എവിടെ? ഇത് ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെയാണ്. നെഹ്‌റുവിനെ അപേക്ഷിച്ച് ദേശീയ സുരക്ഷയിലും ഐക്യത്തിലും പ്രധാനമന്ത്രി മോദി ശക്തമായ നടപടികളെടുത്തു. തീര്‍ച്ചയായും മോദിയെ നെഹ്‌റുവുമായി താരതമ്യപ്പെടുത്താനാവില്ല. കാരണം 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ നെഹ്‌റു ശരിയായ നടപടികൾ സ്വീകരിക്കാതെ അതിർത്തി പ്രദേശങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുത്തു’- ബസവരാജ് ബൊമ്മൈ പറഞ്ഞു.
‘നരേന്ദ്ര മോദി ശക്തമായി നിലകൊള്ളുകയും നമ്മുടെ അതിർത്തി പ്രദേശങ്ങൾ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ, മോദി പാകിസ്ഥാനുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മോദി ഇന്ത്യയെ ശക്തപ്പെടുത്തി. അതിനാൽ താരതമ്യപ്പെടുത്താനാവില്ല’- കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments