![](/wp-content/uploads/2022/05/untitled-4-31.jpg)
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയകുട്ടി മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. പോപ്പുലർ റാലിയിൽ അന്യമതസ്ഥർക്കെതിരായി ഉയർന്ന മുദ്രാവാക്യം വലിയ തോതിൽ പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും, അതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചുകഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു. ആരോടും പ്രത്യേക അനുഭാവമില്ലെന്ന് കോടിയേരി പറഞ്ഞു.
‘അങ്ങനെയൊരു മുദ്രാവാക്യം നമ്മളൊന്നും ഇതുവരെ കേട്ടിട്ട് പോലുമില്ല. അങ്ങനെ ഇതിനെ അനുവദിച്ച് കൊടുത്താൽ, ആർക്കും എന്തും വിളിച്ച് പറയാം എന്ന സ്ഥിതി ആകും. എന്തും നടക്കുന്ന സംസ്ഥാനമായി കേരളം മാറും. അതൊരു കാരണവശാലും അനുവദിച്ച് കൊടുക്കാനാകില്ല. കേരളം വർഗീയ കലാപങ്ങളുടെ നാടായി മാറും. ആ വർഗീയ കലാപം ഇല്ലാത്ത സംസ്ഥാനമായി ഇപ്പോൾ നിലനിൽക്കുന്നത്, ഇത്തരത്തിൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നത് കൊണ്ടാണ്. മതനിരപേക്ഷ അടിത്തറ ഉള്ള ഒരു സമൂഹമാണ് നമ്മുടേത്’, കോടിയേരി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് റാലിയിൽ മുദ്രാവാക്യം വിളിച്ച വിഭാഗവുമായി യു.ഡി.എഫ് യോജിച്ച് പ്രവർത്തിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് മുൻപ് തന്നെ ധാരണ ഉണ്ടാക്കിയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. യു.ഡി.എഫുമായി അടുത്ത ശേഷമാണ് എസ്.ഡി.പി.ഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ആക്രമണോത്സുകമായ മുഖം പൊതുമധ്യത്തിൽ കൂടുതൽ ഉയർന്നുവന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
Post Your Comments