Latest NewsNewsIndia

ജില്ലയുടെ പേര് മാറ്റിയതിനെ തുടർന്ന് കലാപം: ആന്ധ്രയിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു

ഹൈദരാബാദ്: പുതുതായി രൂപവത്കരിച്ച ജില്ലയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിൽ, മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു. ആന്ധ്രാ പ്രദേശിലെ അമലപുരം ടൗണിൽ നടന്ന സംഭവത്തിൽ കൊനസീമ ജില്ലയുടെ പേര് ബിആർ അംബേദ്‌കർ കൊനസീമ എന്നാക്കിയതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന്, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീടിന് പ്രതിഷേധക്കാർ‌ തീയിടുകയായിരുന്നു. എംഎൽഎ പൊന്നാട സതീഷിന്റെ വീടും ആക്രമികൾ തീയിട്ട് നശിപ്പിച്ചു.

പ്രതിഷേധക്കാർ ഒരു പൊലീസ് വാഹനവും കോളേജ് ബസും കത്തിച്ചു. പൊലീസിന് നേരെ നടന്ന കല്ലേറിൽ ഇരുപതോളം പൊലീസുകാർക്ക് പരിക്കേറ്റു. ഈസ്‌റ്റ്‌ ഗോദാവരി ജില്ലയിൽ നിന്നുമാണ് കൊനസീമ ജില്ല രൂപീകരിച്ചത്. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ നേതൃത്വത്തിൽ, ജില്ലയുടെ പേര് ബിആർ അംബേദ്‌കർ കൊനസീമ എന്നാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എതിർപ്പുള‌ളവർ അറിയിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു,

തുടർന്ന്, ജില്ലയുടെ പേരുമാറ്റത്തിനെതിരേ കൊനസീമ സാധനാ സമിതി രംഗത്തെത്തി. കൊനസീമ സാധനാ സമിതി നടത്തിയ പ്രതിഷേധം നിയന്ത്രിക്കാൻ, പൊലീസ് ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി, തനതി വനിത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button