ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ആകെയുള്ള 175 മണ്ഡലങ്ങളിൽ എൻഡിഎ സഖ്യത്തിന് 98-120 സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് പ്രവചനം.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 151 സീറ്റുകൾ നേടി ഭരണത്തിലേറിയ YSRCP കൂപ്പുകുത്താനാണ് സാധ്യത. ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് (YSRCP) ഭരണം നഷ്ടമാകുമെന്നും 55-77 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും (TDP), പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയും (JSP) ബിജെപിയും ചേർന്ന എൻഡിഎ സഖ്യം ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നും ഭരണത്തിലേറുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. ടിഡിപി 78-96 സീറ്റുകൾ വരെയും ബിജെപി 4-6 എണ്ണവും ജെഎസ്പി 16-18 സീറ്റുകളും നേടിയേക്കാം.
അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് നയിക്കുന്ന ഇൻഡി സഖ്യം ചിത്രത്തിൽ പോലുമില്ലെന്നാണ് എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത്. 0-2 സീറ്റുകൾ ഇൻഡി മുന്നണിക്ക് (കോൺഗ്രസ്-സിപിഐ-സിപിഎം) ലഭിച്ചേക്കാം.
വോട്ടുശതമാനത്തിലേക്ക് വന്നാൽ എൻഡിഎ അഞ്ച് ശതമാനം വരെ വോട്ട് വർദ്ധിപ്പിച്ചേക്കും. ഇൻഡി മുന്നണിക്ക് ഒരു ശതമാനത്തിന്റെ വർദ്ധനയുമുണ്ടാകും. എന്നാൽ ഭരണകക്ഷിയായ വൈഎസ്ആർസിപിക്ക് ആറ് ശതമാനം വോട്ടിന്റെ കുറവ് വന്നേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മെയ് 13നായിരുന്നു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ജഗൻ മോഹൻ നയിക്കുന്ന വൈഎസ്ആർസിപി 175 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചു. എൻഡിഎ സഖ്യത്തിന് കീഴിൽ 144 സീറ്റുകളിലേക്കാണ് ടിഡിപി സ്ഥാനാർത്ഥികളെ നിർത്തിയത്. ജെഎസ്പി 21 സീറ്റുകളിലും മത്സരിച്ചു. 10 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയത്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിനാൽ എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർത്ഥ്യമായേക്കുമെന്നാണ് സൂചന. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയിരുന്നു.
എക്സിറ്റ് പോൾ പ്രകാരം ആന്ധ്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിലും എൻഡിഎ തിളക്കമാർന്ന വിജയം കാഴ്ചവയ്ക്കുമെന്നാണ് പ്രവചനം. ആകെയുള്ള 25 സീറ്റുകളിൽ 21-23 മണ്ഡലങ്ങളും എൻഡിഎയ്ക്ക് അനുകൂലമാണ്.
Post Your Comments