Latest NewsIndia

രാജീവ് ഗാന്ധി സ്മൃതിദിനം: വീർഭൂമിയിൽ സോണിയയും പ്രിയങ്കയും, പേരറിവാളന്റെ മോചനം ചർച്ചയാക്കി സോഷ്യൽ മീഡിയ

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു തമിഴ് പുലികൾ അദ്ദേഹത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ന്യൂഡൽഹി: മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ദിനത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാനുള്ള ഉഗ്രപ്രഹര ശേഷി, തനു എന്ന ശ്രീലങ്കൻ യുവതി ശരീരത്തിൽ കെട്ടിയ ആ ബൽറ്റ് ബോംബിനുണ്ടായിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷിക ദിനമാണ് ഇന്ന്. ബോംബ് ഉണ്ടാക്കാനുള്ള രണ്ട് ബാറ്ററികൾ വാങ്ങിക്കൊടുത്ത പേരറിവാളൻ നീണ്ട 31 വർഷത്തെ ജയിൽ വാസത്തിനു ശേഷം വെളിയിൽ വന്നത് വലിയ ചർച്ചയായിരിക്കുകയാണ്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിലാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.

1991 മെയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്പതാമത്തെ വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെൻറ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. 491 ലോകസഭ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് ഇന്ദിരാഗാന്ധിയുടെ മരണത്തിലെ സഹതാപ തരംഗമാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും, രാജീവിന്റെ കഴിവിലുള്ള വിശ്വാസം കൂടിയായിരുന്നു.

ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) അംഗമായ തനു എന്നറിയപ്പെടുന്ന തെൻ‌മൊഴി രാജരത്നം ആണ് ആക്രമണം നടത്തിയത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു തമിഴ് പുലികൾ അദ്ദേഹത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ആത്മഹത്യാ ബോംബറായി സ്വയമൊരഗ്നികുണ്ഡമായി മാറി ഇന്ത്യയുടെ ‘രാജ്യസേവകൻ’ എന്നറിയപ്പെട്ട രാജീവ് ഗാന്ധിയുടെ ജീവനെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലുള്ള അദ്ദേഹത്തിന്റെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ ആകെ നടുക്കിയിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി.

രാജീവ് ഗാന്ധിയെ കൂടാതെ മറ്റ് 13 പേരും അന്നത്തെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു. 1991 മേയ് 21-ന് വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം ശ്രീപെരുമ്പത്തൂരിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിലായിരുന്നു ചാവേർ കാത്തിരുന്നത്. ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് രാജീവ് ഗാന്ധി വേദിക്കടുത്തേക്ക് നടന്നു പോകുമ്പോൾ കാത്തുനിന്ന ചാവേർ അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ കുനിയുകയും, തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബോബ് ഞൊടിയിടയിൽ പൊട്ടിക്കുകയുമായിരുന്നു. പിന്നീട്, അവിടെ കണ്ടത് ഒരുവലിയ അഗ്നി ഗോളമായിരുന്നു.

രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രിസ്ഥാനത്തിൽ ഇന്ത്യ ആഭ്യന്തര യുദ്ധത്തിൽ ശ്രീലങ്കൻ സർക്കാരിന്റെ സഹായത്തിനായി സൈന്യത്തെ അയച്ചിരുന്നു. രാജീവ് ഗാന്ധിയും അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് ജെ ആർ ജയവർധനയും 1987 ജൂലൈയിൽ ഇന്തോ-ശ്രീലങ്ക ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം എൽടിടിഇയെ പിരിച്ചുവിടുകയും തമിഴിനെ ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷകളിലൊന്നാക്കുകയും ചെയ്തു.

താൻ വീണ്ടും അധികാരത്തിലെത്തിയാൽ ശ്രീലങ്കയിൽ സമാധാനം പുനസ്ഥാപിക്കാൻ വീണ്ടും സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് 1990 ഓഗസ്റ്റ് 21 ന് സൺഡേ മാസികക്കു നൽകിയ ഒരു അഭിമുഖത്തിൽ പ്രസ്താവിച്ചതാണ് തമിഴ് ഈഴം വിടുതലൈപ്പുലികളെ ചൊടിപ്പിച്ചത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഇന്ത്യ വീണ്ടും പങ്കുവഹിക്കുമെന്ന് തീവ്രവാദ സംഘടന ഭയന്നതിനാൽ രാജീവ് ഗാന്ധി വീണ്ടും അധികാരത്തിൽ വരുന്നത് തടയാനാണ് എൽടിടിഇ കൊലപാതകം ആസൂത്രണം ചെയ്തത്.

അതേസമയം, അന്വേഷണത്തിൽ കൊലപാതകത്തിന്റെ ആസൂത്രണവും നടത്തിപ്പും എൽടിടിഇ ആണെന്നു കണ്ടെത്തുകയും കേസിൽ 26 പേർ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് പ്രത്യേക കോടതി എല്ലാവർക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്തെ നിയമവിദഗ്ധരെ ഞെട്ടിച്ച ഒരു വിധിയായിരുന്നു ഇത്. മൂന്ന് പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളൻ മോചിതനാകുന്നത്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച് സുപ്രീം കോടതിയാണ് ഉത്തരവിറക്കിയത്.

പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശ 2018-ൽ തമിഴ്‌നാട് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ ശുപാർശ നീട്ടിക്കൊണ്ട് പോയ ഗവർണർ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ പത്തൊമ്പതാം വയസ്സിൽ അറസ്റ്റിലായ പേരറിവാളന്റെ ജീവിതം അസാധാരണമായ നിയമപോരാട്ടങ്ങളുടെയും കൂടി കഥയാണ്.

എന്നാൽ, ഇപ്പോൾ അനുകൂല- പ്രതികൂല വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 1991 മെയ് 21ന് കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ 31-ാം സ്മൃതി ദിനമാണ് രാജ്യം ഇന്ന് ആചരിക്കുന്നത്. സോണിയ കുടുംബത്തിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, സച്ചിൻ പൈലറ്റ് എന്നിവർ വീർഭൂമിയിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളള നേതാക്കളും മുൻ പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെ ആദരാഞ്ജലി അർപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button