KeralaLatest News

മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാര്‍ച്ചുമായി ബിഎംഎസ്: ശമ്പള വിതരണം ഉടനെന്ന് മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് മന്ത്രിമാരുടെ വസതികളിലേക്ക് പട്ടിണി മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തുക. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കും മാര്‍ച്ച് നടക്കും. അതേസമയം, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ ശമ്പളം ലഭിച്ചു.

മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെ ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുകയായിരുന്നു. കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെയും വ്യക്തമാക്കിയിരുന്നു.

സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button