KeralaLatest News

ഈസ്റ്ററിനും ശമ്പളമില്ല: സർക്കാർ നൽകിയ 30 കോടി രൂപ കെഎസ്ആർടിസിക്ക് കിട്ടിയിട്ടില്ല, നിസ്സഹായരായി തൊഴിലാളികൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഈസ്റ്റർ ദിനത്തിലും ശമ്പളമില്ല. സർക്കാർ നൽകിയ 30 കോടി രൂപ കെഎസ്ആർടിസിക്ക് കിട്ടിയിട്ടില്ല. തിങ്കളാഴ്ച പണം കിട്ടുമെന്നാണ് പ്രതീക്ഷ. എങ്കിൽ ബാക്കി ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനാണ് നീക്കം. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയുടെ ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6ന് പണിമുടക്കും. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നും ടിഡിഎഫ് അറിയിച്ചു. എഐടിയുസിയും സമരം തുടങ്ങിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു തന്നെ സമരം നയിക്കുന്നതിന്റെ സമ്മർദ്ദത്തിലാണ് ഇടത് സർക്കാർ. ഘടകകക്ഷി മന്ത്രിമാ‍ർ ഭരിക്കുന്ന കെഎസ്ഇബിയിലും കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയിലും പ്രക്ഷോഭത്തിൻറെ മുൻനിരയിൽ സിപിഎം യൂണിയൻ നിൽക്കുന്നത് അസാധാരണ സാഹചര്യമാണ്.

യൂണിയനുകൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന രീതിയിൽ നിന്ന് മുഖ്യമന്ത്രി മാറിനീങ്ങുമ്പോൾ പ്രതിഷേധം രാഷ്ട്രീയമായി ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.  രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തോട് അടുക്കുമ്പോൾ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കെഎസ്ഇബിയിലും കെഎസ്ആർടിസിയും വാട്ടർ അതിറ്റോറിയിലും സ്ഥിതി ഒട്ടും ശുഭകരമല്ല. ഘടകകക്ഷി മന്ത്രിമാർക്ക് കീഴിലെ സ്ഥാപനങ്ങളിൽ മുന്നിൽ കൊടി പിടിക്കുന്നത് ഇടത് തൊഴിലാളി സംഘടനായ സിഐടിയു ആണ്.

യൂണിയനുകളുടെ അമിത ഇടപടലുകൾക്കെതിരെ മുഖ്യമന്ത്രി നയരേഖ അവതരിപ്പിച്ചിരിക്കെയാണ് സ്ഥാപനങ്ങളെ സ്തംഭിപ്പിക്കും വിധമുള്ള പ്രതിഷേധത്തിന് സിപിഎം സംഘടന നേതൃത്വം നൽകുന്നത്. സാഹചര്യം കൂടുതൽ അസാധാരണമാക്കുന്നത് മുഖ്യമന്ത്രിയുടെ തന്ത്രപരമായ നിലപാടാണ് എന്നാണ് ആരോപണം. വാട്ടർ അതോറിറ്റിയിൽ മാനജ്മെൻറിന്റെ പരിഷ്ക്കാരങ്ങൾക്കെതിരെയാണ് സിഐടിയു അടുത്തയാഴ്ച മുതൽ സമരത്തിലേക്ക് നീങ്ങുന്നത്. പ്രതിഷേധം അരങ്ങേറുന്ന സ്ഥാപനങ്ങളുടെ ചുമതലയുള്ള ഘടകകക്ഷി മന്ത്രിമാർ മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയത്തിലാണ്.

യൂണിയൻ-മാനേജ്മെനറ് തർക്കത്തിനും ഘടകകക്ഷിമന്ത്രിമാരുടെ വകുപ്പും സിഐടിയുവും തമ്മിലെ പോരിനും അപ്പുറം പ്രതിപക്ഷം വിവാദം ശക്തമായി ഏറ്റെടുക്കാനാണ് ഒരുങ്ങുന്നത്. കെഎസ്ഇബിയിലെ പ്രബലരായ സിഐടിയു നേതാക്കൾക്കെതിരായ മന്ത്രിയുടേയും ചെയർമാൻറെയും കടുപ്പിക്കലിന് മുഖ്യമന്ത്രിയുടെയും പിന്തുണയുണ്ടെന്ന് ഉറപ്പാണ്. യൂണിയനുകളുടെ വെല്ലുവിളിക്കിടെയും പ്രവർത്തന നേട്ടത്തിലേക്ക് സ്ഥാപനം കുതിക്കുന്നതിനെ തള്ളാൻ മുഖ്യമന്ത്രി തയ്യാറല്ല. എന്നാൽ, യൂണിയനുകളെ പൂർണ്ണമായും അവഗണിച്ചെന്ന് തോന്നാതിരിക്കാനാണ് തിങ്കളാഴ്ച ചർച്ചക്ക് വൈദ്യുതമന്ത്രിക്കുള്ള സിപിഎം നിർദ്ദേശം.

കെഎസ്ഇബിയിലെ പോലെ കെഎസ്ആ‍ർടിസിയിലെയും പരിഷ്ക്കാരങ്ങൾക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടിയുണ്ട്. പക്ഷെ കെഎസ്ഇബിയെക്കാൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ് കെഎസ്ആർടിസിയിലെ സ്ഥിതി. ജീവനക്കാരെ ചേർത്ത് നിർത്തുന്ന സർക്കാർ എന്ന് അവകാശപ്പെടുമ്പോഴും വിഷു- ഈസ്റ്റർ നാളിൽ ശമ്പളം കൊടുക്കാനാകാത്തത് സർക്കാരിന് തന്നെ നാണക്കേടായി. ശമ്പള പ്രതിസന്ധിക്കപ്പുറത്ത് സിഐടിയും കെ സ്വിഫ്റ്റിനെതിരെ വരെ കടുപ്പിച്ചു തുടങ്ങിയത് വെല്ലുവിളി ശക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button