മാസങ്ങൾക്ക് ശേഷം ചെയ്ത ജോലിയുടെ കൂലി കെഎസ്ആർടിസി ജീവനക്കാർ ചോദിച്ചു വാങ്ങിക്കേണ്ടി വരുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് കേരളം ഭരിക്കുന്ന തൊഴിലാളികളുടെ പാർട്ടിയുടെ നിലപാടില്ലായ്മയാണ്. രണ്ടു കാലഘട്ടങ്ങളിൽ രണ്ടു നിലപാടുകൾ സൂക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെട്ട ശമ്പളം എന്തുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാൻ മടിച്ചു.
ഒരു കാലത്ത് തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ നിലപാടുകൾ കേരളീയ ജനതയ്ക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ എന്തുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ശബ്ദിക്കാൻ മുതിർന്നില്ല. അവരുടെ പ്രാഥമിക ആവശ്യമായ ശമ്പളം പോലും നൽകിയില്ല. തികച്ചും ക്രൂരമായ രീതിയിലാണ് അവകാശപ്പെട്ടത് ആവശ്യപ്പെട്ട കെഎസ്ആർടിസി ജീവനക്കാരോട് സർക്കാർ പെരുമാറിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങളാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നുവരുന്നതിൻ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതെന്ന് പാർട്ടി ഇതിവൃത്തങ്ങൾ തന്നെ വിളിച്ച് പറയുന്നുണ്ട്. ഈ ആശയത്തെ വെല്ലുവിളിക്കുന്നതാണ് പുതിയകാല കമ്മ്യൂണിസം എന്ന തിരിച്ചറിവാണ് ഇപ്പോഴും അവസാനിക്കാത്ത തൊഴിലാളി സമരങ്ങൾ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട ഒരു പാർട്ടി അധികാരത്തിൽ എത്തിയിട്ടും വീണ്ടും തൊഴിലാളികൾ വേട്ടയാടപ്പെടുന്നു എന്ന് പറയുന്നത് വേദനാജനകമാണ്.
പണിയെടുത്തവന് കൂലി നൽകുക എന്നത് എല്ലാവരുടെയും കടമയാണ്. അത് നാടിനു വേണ്ടി പണിയെടുക്കുന്നവരുടേതായാലും കൃത്യ സമയത്ത് നൽകണം. സർക്കാർ ജീവനക്കാരുടേതായാലും കടല വിൽക്കുന്ന കൂലിക്കാരന്റേതായാലും ശമ്പളം കൃത്യ സമയത്ത് ലഭിക്കണം. തൊഴിലാളികളുടെ മഹത്വം പറഞ്ഞു വോട്ട് വാങ്ങുന്ന രാഷ്ട്രീയക്കാർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
-സാൻ
Post Your Comments