കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ ഉൾപ്പെടെ 20 പേരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്. എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.
ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലിൽ നിന്നെത്തിയവയാണ്. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കപ്പലിൽ നിന്നാണ് ബോട്ടുകളിൽ മയക്കുമരുന്ന് ഇറക്കിയത്. തമിഴ്നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിൻറെ ലക്ഷ്യമെന്ന് സൂചന. ഇവരിൽ നാല് മലയാളികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവർ കുളച്ചൽ സ്വദേശികളാണ്. ഇതുവഴി ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, സംഭവത്തിൽ ഡിആർഐ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. കന്യാകുമാരി, നാഗർകോവിൽ മേഖലകളിലായിരുന്നു റെയ്ഡ്. നേരത്തേ ലക്ഷദ്വീപ് തീരത്തുനിന്നു സമാനമായ രീതിയിൽ ഉയർന്ന അളവ് ലഹരി കടത്തുന്നതു പിടികൂടിയപ്പോൾ തോക്കുകളും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ കേരള ബന്ധം ഉൾപ്പടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരിക്കു പുറമേ ആയുധവും കടത്തിയിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 2500 കോടി രൂപ വില വരുന്ന ലഹരിയാണ് ഡിആർഐ പിടികൂടിയത്.
Post Your Comments