വാഷിംഗ്ടൺ: മങ്കിപോക്‌സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരാനൊരുങ്ങുന്നു. മെയ് ആദ്യവാരത്തോടെയാണ് വിവിധ രാജ്യങ്ങളിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടിയതോടെയാണ് ലോകാരോഗ്യ സംഘടന യോഗം ചേരാൻ തീരുമാനിച്ചത്. മങ്കിപോക്‌സ് വൈറസിന്റെ വ്യാപനരീതികൾ, സ്വവർഗരതിക്കാരിലും ബൈസെക്ഷ്വലായിട്ടുള്ള ആളുകളിലും രോഗം കൂടുതലായി പിടിപെടാനുള്ള കാരണം, വാക്‌സിൻ ലഭ്യത എന്നീ കാര്യങ്ങൾ യോഗത്തിൽ അജണ്ടയാകുമെന്നാണ് വിവരം.
യുകെ, സ്‌പെയിൻ, ബെൽജിയം, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതുവരെ പൊതുജനങ്ങൾക്ക് ജീവഹാനി ഉണ്ടാക്കിയിട്ടില്ലെന്നും വൈറസ് ബാധിച്ച എല്ലാ രോഗികളും ആശുപത്രിയിൽ തൃപ്തികരമായ ആരോഗ്യനില പുലർത്തുന്നുണ്ട് എന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.
വസൂരി പടർത്തുന്ന വൈറസുകളുടെ കുടുംബത്തിൽ ഉൾപ്പെടുന്ന മങ്കിപോക്‌സ്, അപൂർവ്വവും ഗുരുതരവുമായ വൈറൽ രോഗമാണ്. പനി, തലവേദന, പേശീവേദന, ക്ഷീണം എന്നിവയാണ് വൈറസ് ബാധയുടെ ആദ്യലക്ഷണം. പിന്നീട്, ശരീരം മുഴുവൻ തടിപ്പുകളായി രോഗം പുറത്തുകാണും. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ, രണ്ടാഴ്‌ച്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങും. ശ്വസനത്തിലൂടെയാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നതെന്നാണ് കണ്ടെത്തൽ. രോഗം സ്ഥിരീകരിച്ചാൽ ചിക്കൻപോക്‌സിന് സമാനമായി രോഗിയിൽ നിന്ന് അകലം പാലിക്കണം.
Post Your Comments