Latest NewsInternational

ലോകത്തിന് ഭീഷണിയായി മങ്കി പോക്സ് പടർന്നുപിടിക്കുന്നു: ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന

ജനീവ: മങ്കി പോക്സ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും എം പോക്സ് പടർന്നു പിടിക്കുകയാണ്. കോം​ഗോയിൽ രോ​ഗബാധ അതീവ ​ഗുരുതരാവസ്ഥയിലാണെന്നും ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

ഈവർഷം ഇതുവരെ പതിനായിരക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എം പോക്സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. ലോകാരോഗ്യ സംഘടന അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തന്നെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ലോകാരോഗ്യ സംഘടനയുട എറ്റവും ഉയർന്ന ജാഗ്രതാ നിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച് വൺ എൻ വൺ, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള,കോവിഡ്, എംപോക്സ് എന്നിവയ്ക്കെതിരെ ആഗോള അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2009 മുതൽ ഇതുവരെ 7 തവണയാണ് ഡബ്യു എച്ച് ഒ ഇത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എം പോകിൻറെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷവും എം പോക്സ് ഭീതിയുടെ സാഹചര്യത്തിൽ ഡബ്യു എച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button