കൊച്ചി: ക്രൂരമായ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച കേസില്‍ പ്രധാനപ്രതി പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്നു പോലീസ്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്. ഇന്നലെ മുതൽ ഇയാൾ വെന്റിലേറ്ററിൽ ആയിരുന്നു. അബ്ദുല്‍ ജലീലിലിനെ അശുപത്രിയില്‍ എത്തിച്ചതും യഹിയയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒളിവിലുള്ള ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജലീലിന്റെ ദേഹത്ത് മുഴുവൻ മുറിവുകൾ ഉണ്ടായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് വരഞ്ഞ രീതിയിലായിരുന്നു മുറിവുകൾ. തലക്കേറ്റ പരിക്കും ഗുരുതരമായിരുന്നു. കിഡ്നികളും പ്രവർത്തനരഹിതമായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് അബ്ദുൽ ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി എത്തിയത്.
കൂട്ടിക്കൊണ്ടു പോകാൻ നാട്ടിൽ നിന്ന് എത്തിയവരെ മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്ന് പറഞ്ഞ് മടക്കി അയച്ചു. പിന്നീട്, രണ്ട് ദിവസത്തിനുള്ളിൽ താൻ വീട്ടിൽ എത്തുമെന്ന് പറഞ്ഞ് വീഡിയോ കോളും ചെയ്തു. എന്നാൽ, ചൊവ്വാഴ്ചയായിട്ടും ജലീലിനെ കാണാത്തതിനെ തുടർന്ന് കുടുംബം അഗളി പോലീസിൽ പരാതി നൽകി. പിറ്റേന്ന് ജലീൽ വിളിച്ചപ്പോൾ ഭാര്യ ഇക്കാര്യം പറഞ്ഞു. ഉടൻ പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് ജലീലിനെ പരിക്കേറ്റ നിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. ജലീലിനെ ആശുപത്രിയിൽ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോൺ വഴി ആരോ വിളിച്ച് പറയുകയും ചെയ്തു. അപ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്.
‘പതിനഞ്ചാം തീയതിയാണ് ഇക്ക നെടുമ്പാശ്ശേരിയിൽ എത്തിയത്. ഞങ്ങളെ വിളിച്ച് വീട്ടിലേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസവും വീഡിയോ കോൾ ചെയ്തിരുന്നു. ചൊവ്വാഴ്ച ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഞങ്ങൾ അഗളി പോലീസിന് പരാതി കൊടുത്തു. അക്കാര്യം പിന്നിട് വീഡിയോ കോൾ ചെയ്തപ്പോൾ പറഞ്ഞു. അപ്പൊൾ പിന്നിൽ നിന്ന് ആരോ പരാതി പിൻവലിക്കാൻ പറഞ്ഞു. പിന്നെ വ്യാഴാഴ്ച രാവിലെ ആണ് ആരോ വിളിച്ച് പറയുന്നത് ജലീലിനെ ആശുപത്രിയിൽ ആക്കി എന്ന്. ഇവിടെ വന്ന് നോക്കിയപ്പോൾ ആൾ വെന്റിലേറ്ററിലാണ്. വിളിച്ചത് ഏതോ നാലക്ക നമ്പരിൽ നിന്ന് ആണ്’ -ജലീലിന്റെ ഭാര്യ മുബഷീറ പറയുന്നു.
അതേസമയം, സ്വർണ്ണക്കടത്ത് സംഘങ്ങളാണ് കൃത്യത്തിന് പിന്നിൽ എന്ന നിഗമനത്തിലാണ് പോലീസ്. ജലീലിനെ ആശുപത്രിയിലാക്കി രക്ഷപ്പെട്ട യഹിയയ്ക്കായി അന്വേഷണത്തിലാണ് പോലീസ്. ഇയാൾ ഒളിവിലാണ്. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അന്വേഷണം ആരംഭിച്ചു.
Post Your Comments