ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സ്വന്തം നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രവാസി യുവതിക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. രണ്ട് മാസം ജയിൽ ശിക്ഷയാണ് യുവതിയ്ക്ക് കോടതി വിധിച്ചത്. ദുബായ് ക്രിമിനൽ കോടതിയുടേതാണ് നടപടി.
കുഞ്ഞിന്റെ സുരക്ഷ അപകടത്തിലാക്കിയത് കണക്കിലെടുത്ത് യുവതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ദുബായിലെ ഒരു ആശുപത്രിയിൽ മാസം തികയാതെയാണ് യുവതി പ്രസവിച്ചത്. അതിനാൽ പ്രസവം കഴിഞ്ഞയുടൻ തന്നെ പെൺകുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങൾക്ക് ശേഷം അമ്മയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. എന്നാൽ, ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാൽ കുഞ്ഞ് ഐ.സി.യുവിൽ തന്നെ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
പിന്നീട് മൂന്ന് മാസങ്ങൾക്ക് ശേഷം ആശുപത്രിയിലെത്തിയ യുവതി കുഞ്ഞിനെ സ്വീകരിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് അമ്മയ്ക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. അന്വേഷണത്തിൽ യുവതി സ്വന്തം രാജ്യത്തേക്ക് കടന്നതായി പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. യുവതിയുടെ അസാന്നിദ്ധ്യത്തിൽ തന്നെ വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പ്രസ്താവം നടത്തിയത്.
Post Your Comments