തിരുവനന്തപുരം: എസി ലോ ഫ്ലോർ ബസുകൾ പൊളിക്കാനൊരുങ്ങി കെഎസ്ആർടിസി. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് തീരുമാനം. ബസുകൾ ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്നതിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തേവരയിൽ കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണം പൊളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആദ്യമായാണ് ജൻറം എസി ലോ ഫ്ലോർ ബസുകൾ പൊളിക്കുന്നത്. 2018 മുതൽ 28 ലോഫ്ലോർ എസി ബസുകളാണ് തേവരയിൽ കിടന്നിരുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇതിൽ ഉപയോഗശൂന്യമായ 10 ബസുകൾ പൊളിച്ചു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ബാക്കിയുള്ള 18 ബസുകൾ, കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കാം എന്നാണ് തീരുമാനം. 11 വർഷമാണ് ലോ ഫ്ലോർ ബസുകളുടെ കാലാവധി. പൊളിക്കാൻ തീരുമാനിച്ച ബസുകൾക്ക് 11 വർഷത്തെ പഴക്കമുണ്ട്.
എന്തുകൊണ്ടാണ് ബസുകൾ ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്നതെന്നും ഇത് വിറ്റുകൂടെയെന്നും ഹൈക്കോടതി നേരത്തെ, കെഎസ്ആർടിസി അധികൃതരോട് ചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്, 10 ബസുകൾ പൊളിച്ച് മാറ്റാനും ബാക്കി 18 ബസുകൾ നന്നാക്കി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുള്ളത്.
Post Your Comments