Latest NewsInternational

പെട്രോള്‍ സ്‌റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം: ജനങ്ങൾ കൂടെ നില്‍ക്കണമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതി പരിതാപകരമായി തുടരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പെട്രോൾ ഒരു ദിവസത്തേക്കുള്ളത് മാത്രമേ സ്റ്റോക്കുള്ളൂ എന്നും ക്ഷാമം പരിഹരിക്കാനായില്ലെങ്കിൽ പവർകട്ട് ദിവസം 15 മണിക്കൂറാക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടുത്ത രണ്ടു മാസം ഏറ്റവും കഠിനമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പണം നൽകാത്തതിനാൽ 40 ദിവസത്തിലേറയായി ക്രൂഡ് ഓയിലും ഫർണസ് ഓയിലും ഉൾപ്പെടുന്ന മൂന്ന് കപ്പലുകളാണ് നങ്കൂരമിട്ടിരിക്കുന്നത് എന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു. മുൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ത്യാഗങ്ങൾ ചെയ്യാനും വെല്ലുവിളികൾ നേരിടാനും സജ്ജമാകണമെന്നും രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലെ കമ്മി ജിഡിപിയുടെ 13 ശതമാനത്തിലധികം വരുമെന്ന് റെനില്‍ വിക്രമസിംഗെ ചൂണ്ടിക്കാട്ടി. ട്രഷറി ബില്ലുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള അംഗീകൃത പരിധി 3000 ബില്യണില്‍ നിന്ന് 4000 ബില്യണായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പ്രധാനമന്ത്രി ആലോചിക്കുന്നത്. വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് ശ്രീലങ്കയില്‍ ഭരണമാറ്റമുണ്ടാകുന്നത്. യുഎന്‍പി നേതാവായ റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയാകാന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button